ജയലളിതയുടെ മരണശേഷം പന്നീർശെൽവം മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അണ്ണാ ഡി എം കെ അധികാരത്തിൽ തുടർന്നെന്ന് സാരം. പന്നീർശെൽവം ആകട്ടെ മോദി സർക്കാരിന്റെ നിഴൽ പോലെ പ്രവർത്തിക്കുകയാണെന്നാണ് പറയപ്പെടുന്നത്. പന്നീർശെൽവത്തിനെ മാറ്റി താൻ മുഖ്യമന്ത്രിയാകണമെന്ന് ശശികല തീരുമാനിച്ചതിന്റെ പൊരുളും വേറൊന്നാവില്ല. എന്നാൽ ഡി എം കെയുടെ അവസ്ഥ വേറൊരു തരത്തിലാണ്.

ഡി എം കെ വൃന്ദങ്ങളിൽ പറയപ്പെടുന്നത്, ജയലളിത മരിച്ചതോടെ ഭരണം തങ്ങൾക്ക് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മൂന്നാമത്തെ തവണയും പന്നീർശെൽവം മുഖ്യമന്ത്രിയായി. സ്റ്റാലിൻ ആശംസകളുമായി വന്നെങ്കിലും ആ പദവിയിൽ താൻ വരണമെന്ന് അതിയായി ശ്രമിച്ചിരുന്നു താനും.

അണ്ണാ ഡി എം കെയിലെ തന്റെ സുഹൃത്തുക്കളായ സാമാജികര്‍ കൂറു മാറി തങ്ങളുടെ കൂടെ ചേരുമെന്ന് സ്റ്റാലിൻ പ്രതീക്ഷിച്ചിരുന്നു പോലും. പക്ഷേ, ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, തുടർന്നൊന്നും ചെയ്യാതെ സ്റ്റാലിൻ തൽക്കാലത്തേയ്ക്ക് അടങ്ങി. അതുകൊണ്ട് യാതൊരു പ്രശ്നവുമില്ലാതെ ശശികല അണ്ണാ ഡി എം കെയുടെ ജനറൽ സെക്രട്ടറിയുമായി, ഇപ്പോഴിതാ മുഖ്യമന്ത്രിയാകാൻ കുപ്പായം തയ്ക്കുകയും ചെയ്യുന്നു.

ഇതെല്ലാം കുറച്ചൊന്നുമല്ല ഡി എം കെ പ്രവർത്തകരെ നിരാശപ്പെടുത്തിയത്. സർക്കാരിനെ വിമർശിക്കുന്നതിലെ വോൾട്ടേജ് കുറയ്ക്കാൻ സ്റ്റാലിൻ തീരുമാനിച്ചതും വലിയ അടിയായിപ്പോയി. പന്നീർശെൽവത്തിന്റെ ഭരണം ആറു മാസം കഴിയട്ടെ, എന്നിട്ട് വിമർശിക്കാം എന്നാണ് സ്റ്റാലിൻ പാർട്ടി അനുയായികളോട് പറഞ്ഞതെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഡി എം കെ ഇപ്പോൾ വിമർശനമെല്ലാം ഒതുക്കി വച്ചിരിക്കുകയാണ്.

സ്റ്റാലിന്റെ ഈ തീരുമാനങ്ങൾ പാർട്ടിയിൽ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എന്നും ചുറ്റുവട്ടങ്ങൾ പറയുന്നുണ്ട്. ഇപ്പോൾ ആക്റ്റിങ് പ്രസിഡന്റ് ആയ സ്ഥിതിയ്ക്ക് ഇനി എന്തായിരിക്കും സ്റ്റാലിന്റെ നീക്കം എന്നാണ് ഡി എം കെയുടെ അടുത്ത ആകാംക്ഷ.

എതിര്‍ത്ത് വളര്‍ത്താതെ തമ്മില്‍ തല്ലി  അണ്ണാഡിഎംകെ ഒടുങ്ങിക്കോട്ടെ എന്ന തന്ത്രമാകാം സ്റ്റാലിന്‍റേത്. ബിജെപി വിഴുങ്ങുന്ന അണ്ണാ ഡിഎംകെയെ നേരിടാനാകും ദ്രാവിഡ രാഷ്ട്രീയം പറയുന്ന സ്റ്റാലിന് എളുപ്പം. ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ചൂടുംചൂരും ബിജെപി അറിയാന്‍ പോകുന്നതേയുള്ളു- തമിഴ് നാട്ടിലെ ബ്രാഹ്മണനെ പോലും ദ്രാവിഡ ബ്രാഹ്മണനായി കാണുന്ന, തമിഴ് ബ്രാഹ്മിണ്‍ എന്ന് പ്രത്യേകം ഇകഴ്ത്തുന്ന, നാട്ടിലേയ്ക്കാണ് മനുവാദവുമായി ബിജെപി തേരോടിക്കാന്‍ തുനിയുന്നത്. സ്റ്റാലിന്‍റെ ജെല്ലിക്കെട്ടു കാളകളുടെ പോര്‍വീര്യത്തിനു മുന്നില്‍ കാവിക്കുതിരകള്‍ വഴിതെറ്റുമെന്നു തന്നെയാണ് കണക്കുകൂട്ടല്‍.

സ്റ്റാലിന്‍റെ നിശബ്ദതയുടെ പൊരുളെന്ത് എന്നതു തന്നെയാണ് ജയലളിതയുടെ മരണശേഷം തമിഴ്നാട് ഉറ്റു നോക്കുന്നത്- ഒട്ടേറെ പറയുന്നുണ്ട് ആ നിശബ്ദത

LEAVE A REPLY

Please enter your comment!
Please enter your name here