ന്യൂഡല്‍ഹി:പട്ടിയെ കൊന്നാല്‍ കേസെടുക്കണമെന്നു പറയുന്ന കേന്ദ്രമന്ത്രി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വാദിക്കുന്നു. രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വനിത ശിശുക്ഷേമ വികസന മന്ത്രി മനേക ഗാന്ധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യരംഗത്ത് കാന്‍സര്‍ ചികില്‍സകളിലുള്‍പ്പെടെ കഞ്ചാവിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശം. ലഹരി ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പുതിയ നയം ചര്‍ച്ചചെയ്യാന്‍ ദില്ലിയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് മനേക ഗാന്ധി നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷയിലാണ് മന്ത്രിതലയോഗം ചേര്‍ന്നത്.
ലഹരി ഉപയോഗം കുറയ്ക്കുന്ന ഗവര്‍മെന്റ് നയം പരിഷ്‌കാരങ്ങളോടെ മന്ത്രിതല സംഘം അംഗീകരിച്ചു. അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ ലഹരി ഉപയോഗം കുറയ്ക്കാന്‍ കഞ്ചാവ് നിയമവിധേയമാക്കിയ നടപടി വിജയകരമാണെന്ന് മനേക ഗാന്ധി മന്ത്രിതലസമിതിയില്‍ പറഞ്ഞു. ദുരുപയോഗം ചെയ്യപ്പെടുന്ന ആരോഗ്യരക്ഷ മരുന്നുകളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു.
സാമൂഹ്യനീതി വകുപ്പ് എയിംസുമായി ചേര്‍ന്ന് രാജ്യത്തെ ലഹരിയുപയോഗത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. വിദ്യര്‍ത്ഥികളെയും ലൈംഗിക തൊഴിലാളികളേയും ഭിന്നലിംഗക്കാരേയും ഉള്‍പ്പെടുത്തിയായിരുന്നു പഠനം. റയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും യോഗത്തില്‍ മനേക ഗാന്ധി ആവശ്യപ്പെട്ടു.
ലഹരി വസ്തുക്കള്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും സമീപം വ്യാപകമായി ലഭ്യമാണെന്നും ഇതു പരിഹരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി ആനന്ദ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. ലഹരി ഉപയോഗം കുറയ്ക്കാനുള്ള പദ്ധതികള്‍ക്കായി 125 കോടി ചിലവഴിക്കാനും സമിതി നിര്‍ദ്ദേശിച്ചു.
ജയിലുകള്‍, ഫാക്ടറികള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ ലഹരി വിമുക്ത കോന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഗവര്‍മെന്റ് ലക്ഷ്യമിടുന്നു. എന്നാല്‍ കഞ്ചാവ് നിയമ വിധേയമാക്കുന്നത് പ്രായോഗികമല്ലെന്ന് സാമൂഹ്യ നീതി& ശാക്തീകരണ സെക്രട്ടറി ഡി ലതാ റാവു പറഞ്ഞു.
അതേസമയം നായ്ക്കള്‍ക്കെതിരേ അക്രമം തടയുന്ന കാര്യത്തില്‍ മേനക പഴയ നിലപാട് തുടരുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here