ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ് ലിം സ്ത്രീകള്‍ അനുഭവിച്ചിരുന്ന കൊടിയ പീഢനത്തില്‍ നിന്ന് രക്ഷനേടുന്നതിനുള്ള കോടതിവിധി രൂപപ്പെടുത്തുന്നതിനു മുന്നണിപ്പോരാളികളായതും സ്ത്രീകള്‍. സ്്രതീധനത്തിനു വേണ്ടിയുള്ള ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും കൊടിയ പീഡനം, അവഗണന, ചോദ്യം ചെയ്താല്‍ മൊഴിചൊല്ലുമെന്ന ഭീഷണി… അങ്ങനെ സഹിക്കാവുന്നതിനുമപ്പുറം സഹിച്ച അഞ്ചു വനിതകളാണ് മുസ്ലിം വനിതകളെ മുത്തലാഖ് എന്ന നിത്യനരകത്തില്‍ നിന്ന് രക്ഷിക്കാന്‍ നിയമ വഴിയിലൂടെ പോരാട്ടം നയിച്ചത്.
ഒടുവില്‍ രാജ്യത്തെ പരമോന്നത നീതിപീഠം മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഈ അഞ്ചു പേര്‍ ലോകത്തിനു തന്നെ മാതൃകയാകുന്നു. വിധിയെന്നു കരുതി എല്ലാം സഹിച്ച് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കുന്നവര്‍ക്കെല്ലാം അക്ഷരാര്‍ഥത്തില്‍ മാലാഖമാരായി ഇവര്‍.പുരുഷാധിപത്യം കൊടികുത്തി വാഴുന്ന മുസ്ലിം സമുദായത്തില്‍ നിന്നു കൊണ്ട് നിയമയുദ്ധം എളുപ്പമായിരുന്നില്ല. എങ്കിലും അവര്‍ പൊരുതി ഒരു നല്ല നാളേക്കായി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണ കൂടി ലഭിച്ചതോടെ, പോരാട്ടത്തിന് ബലം കൈവന്നു. സൈറാ ബാനു (35), അഫ്രീന്‍ റഹ്മാന്‍ (26), ഗുല്‍ഷന്‍ പര്‍വീണ്‍ (31), ഇഷ്‌റത്ത് ജഹാന്‍ (31), അതിയ സാബ്രി (30) ഇവരാണ് ഹര്‍ജി നല്‍കി അനീതിക്കെതിരെ നിയമ യുദ്ധം നടത്തിയത്.
ഉത്തരാഖണ്ഡ് സ്വദേശിനിയായ സൈറയെ 15 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഭര്‍ത്താവ് ഫോണിലൂടെയാണ് മുത്തലാഖ് ചൊല്ലിയത്. രണ്ടു കുട്ടികളുണ്ട്. ജയ്പ്പൂര്‍ സ്വദേശിനി അഫ്രീനെ 2014ലാണ് വിവാഹം കഴിച്ചത്. മൂന്നു മാസം കഴിഞ്ഞ് ഭര്‍ത്താവ് സ്പീഡ് പോസ്റ്റിലൂെട മൊഴി ചൊല്ലി.യുപി രാംപൂര്‍ സ്വദേശിയാണ് ഗുല്‍ഷന്‍, 2013ലായിരുന്നു വിവാഹം. മൂന്നു വര്‍ഷത്തെ സ്ത്രീധന പീഡനങ്ങള്‍ക്കൊടുവില്‍ ഭര്‍ത്താവ് മുദ്രപ്പത്രത്തില്‍ എഴുതി വച്ച് മൊഴി ചൊല്ലി. ഒരു കുട്ടിയുണ്ട്. ബംഗാള്‍ ഹൗറ സ്വദേശിനിയായ ഇസ്രത്ത് നാലു കുട്ടികളുടെ അമ്മയാണ്.
15 വര്‍ഷത്തെ വിവാഹബന്ധം ഭര്‍ത്താവ് ഉപേക്ഷിച്ചത് 2015 ഏപ്രിലില്‍ ദുബായിയില്‍ നിന്ന് ഫോണിലൂടെ. 2012ലാണ് ആതിയ വിവാഹം കഴിച്ചത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടുള്ള കൊടിയ സ്ത്രീധന പീഡനം സഹിക്കാതെ 2015ല്‍ പരാതി നല്‍കി. ഭര്‍ത്താവ് ഒരു കഷണം കടലാസില്‍ എഴുതി മൊഴി ചൊല്ലി. രണ്ടു കുട്ടികളുണ്ട്.
കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചാണ് ഒറ്റയടിക്കുള്ള മുത്തലാഖിന് വിലക്കേര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധി പ്രഖ്യാപിച്ചെങ്കിലും മറ്റ് മൂന്ന് ജഡ്ജിമാര്‍ ഭരണാഘടനാ വിരുദ്ധമെന്ന് വിധി പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് മതാചാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് വിധിപ്രസ്താവത്തില്‍ പറഞ്ഞത്. ഇതിനെ ജസ്റ്റിസ് അബ്ദുള്‍ നാസര്‍ മാത്രമാണ് പിന്തുണച്ചത്. ഈ വിധിയെ അംഗീകരിക്കുന്നുവെന്നാണ് ജസ്റ്റിസ് അബ്ദുള്‍ നാസര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും ഒപ്പം ഭരണഘടനാ ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, യുയു ലളിത് എന്നിവര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് മതാചാരത്തിന്റെ ഭാഗമായി മാത്രം കാണാനാവില്ലെന്നുമുള്ള നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് ഒറ്റയടിക്കുള്ള മുത്തലാഖ് വിലക്കിയത്.
മറ്റ് മുസ്ലീം വിവാഹമോചന രീതികള്‍ക്ക് രീതികള്‍ക്ക് വിലക്ക് ബാധകമല്ല. ഒറ്റയടിക്കുള്ള മുത്തലാഖ് ഇസ്ലാമികമല്ലെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. നിരോധിക്കണമെന്നും എങ്കില്‍ പുതിയ നിയമം കൊണ്ടുവരുമെന്നും കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഭരണഘടനയുടെ 32മത്തെ വകുപ്പ് പ്രകാരം ആരെങ്കിലും കോടതിയെ സമീപിച്ചാല്‍, അത് പാര്‍ലമെന്റിന് വിടാതെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് റോഹിണ്ടന്‍ നരിമാന്‍ തന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് 18ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നീ സംഘടനകളാണ് മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നത്. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുറാന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളാണ് മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരാണ് കേസിലെ മറ്റൊരു കക്ഷി. മുത്തലാഖ് ഭരണാഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സമുദായത്തിലെ തന്നെ സ്ത്രീകള്‍ നല്‍കിയ പരാതിയും ഖുറാന്‍ സുന്നത്ത് സൊസൈറ്റി, ഷയാറ ബാനോ, അഫ്രീന്‍ റഹ്മാന്‍, ഗുല്‍ഷണ്‍ പ്രവീണ്‍, ഇസ്രത്ത് ജഹാന്‍, അതിയ സബ്രി എന്നിവര്‍ നല്‍കിയ പരാതികളിലും കോടതി വിശദമായ വാദം കേട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here