ന്യൂഡല്‍ഹി:2016 നവംബര്‍ എട്ടിലെ നോട്ടു നിരോധനം, കള്ളപ്പണത്തിന്റെ ഒഴുക്കു തടയുന്നതില്‍ എത്രമാത്രം ഫലപ്രദമായിരുന്നു എന്ന കാര്യത്തില്‍ യാതൊരു തിട്ടവുമില്ലെന്ന് റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്റ് സമിതിക്കു മുന്നിലാണ് ആര്‍ബിഐ ഇക്കാര്യം വെളിപ്പെടുത്തിയത്.
1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച നിശ്ചിത സമയപരിധിക്കുള്ളില്‍ 15.28 കോടി രൂപ മൂല്യം വരുന്ന കറന്‍സിയാണ് വിവിധ ബാങ്കുകളിലേക്കു തിരിച്ചെത്തിയത്. തിരച്ചെത്തിയ പണം സംബന്ധിച്ച് ഇപ്പോഴും പരിശോധന നടക്കുകയാണെന്നും ആര്‍ബിഐ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
നോട്ടു നിരോധനം പോലുള്ള നടപടികള്‍ ഭാവിയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്നും നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. കള്ളപ്പണ വേട്ടയുടെ പേരില്‍ നടപ്പാക്കിയ നോട്ടു നിരോധനം രാജ്യത്തിനു ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിനിടെയാണ് ഇക്കാര്യത്തില്‍ ആര്‍ബിഐക്കുമുള്ള ആശയക്കുഴപ്പം പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് നോട്ടുനിരോധനം നടപ്പാക്കിയത് തന്റെ അറിവോടെയല്ലെന്ന ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ പ്രഖ്യാപനത്തിനു പിന്നാലെയെത്തിയ പുതിയ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
റദ്ദാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ച ശേഷം 15.28 കോടി രൂപ മൂല്യം വരുന്ന അസാധു നോട്ടുകളാണു തിരിച്ചെത്തിയത്. 16,050 കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ തിരിച്ചുവരാതെയുള്ളൂ. ഇത് ആകെ നോട്ടിന്റെ ഒരു ശതമാനമാനമേ വരൂ.
നോട്ട് അസാധുവാക്കുന്ന സമയത്ത് 1,716.5 കോടി 500 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ആയിരം രൂപ നോട്ടുകളുടെ എണ്ണം – 685.8 കോടി. രണ്ടിന്റെയും കൂടി മൂല്യം 15.44 ലക്ഷം കോടി രൂപയും. ആയിരം രൂപ നോട്ടുകളില്‍ വെറും 8.9 കോടി എണ്ണമേ തിരിച്ചുവരാതിരുന്നുള്ളൂ – 1.3 %. അതേസമയം, തിരിച്ചെത്തിയ അഞ്ഞുറൂ രൂപ നോട്ടുകളുടെ എണ്ണം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here