ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേ കുടുംബത്തിലെ തര്‍ക്കം കൊലപാതകികള്‍ക്കു താല്‍ക്കാലിക രക്ഷയാകുന്നു. സംഭവത്തിനു പിന്നില്‍ നക്‌സലുകളാണെന്ന സംശയം ഉയര്‍ത്തിയ ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷിനെതിരേ ഗൗരിയുടെ മറ്റൊരു സഹോദരി രംഗത്തെത്തി. അതേസമയം താന്‍ ബി.ജെ.പിയില്‍ അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഇന്ദ്രജിത്. രണ്ടുമാസം മുമ്പാണ് ഇദ്ദേഹം രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ചതും ബി.ജെ.പിയില്‍ ചേരുമെന്ന് അറിയിച്ചതും.
ഗൗരി കൊല്ലപ്പെട്ടതിനു പിന്നാലെ നക്‌സലുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഇന്ദ്രജിത് പറഞ്ഞിരുന്നു. നക്‌സലുകളായ പലരെയും മുഖ്യധാരയിലേക്കു കൊണ്ടുവന്ന ഗൗരി ലങ്കേഷിനോട് നക്‌സലുകള്‍ക്ക് വിദ്വേഷമുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു ഇന്ദ്രേജിത്തിന്റെ വാദം.
ഇന്ദ്രജിത്തിന്റെ വാദങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. ഗൗരിയുടെ കൊലപാതകത്തിനു പിന്നില്‍ നക്‌സലുകള്‍ ആണെന്നു പറഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ സംഘടനകള്‍ അവര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിച്ചത്.
എന്നാല്‍ ബി.ജെ.പി അനുഭാവിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇന്ദ്രജിത്തിന്റെ ഭാഗത്തുനിന്നും സംഘപരിവാറിനെ പ്രതിരോധിക്കാനുണ്ടായ ശ്രമമാണ് നക്‌സലുകള്‍ക്കെതിരായ ആരോപണമെന്നാണ് വിമര്‍ശനമുയരുന്നത്. കൂടാതെ ഇന്ദ്രജിത്തിന്റെ വാദങ്ങളെ തള്ളി ഗൗരിയുടെ സഹോദരി കവിതയും രംഗത്തുവന്നിരുന്നു. ഇന്ദ്രജിത്ത് എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നു പറഞ്ഞ കവിത ഗൗരി തങ്ങള്‍ക്കൊപ്പമായിരുന്നെന്നും ഇന്ദ്രജിത്തിന് അവളുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലായെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു.
ഇതിനു പുറമേ കുറച്ചുവര്‍ഷം മുമ്പ് ഇന്ദ്രജിത് ഗൗരി ലങ്കേഷിനെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം യുക്തിവാദികളായ എം.എം കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും കൊല്ലാന്‍ ഉപയോഗിച്ച അതേ മോഡല്‍ ആയുധം ഉപയോഗിച്ചാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കൊലചെയ്തതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിര്‍മിത 7.65എം.എം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരിയ്ക്കുനേരെ വെടിയുതിര്‍ത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ദബോല്‍ക്കറേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതും 7.65 എം.എം പിസ്റ്റളായിരുന്നു.
കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ഒരേ തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പന്‍സാരെയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് തോക്കുകളില്‍ ഒന്നാണ് ദബോല്‍ക്കറെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഫോറന്‍സിക് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പന്‍സാരെയുടെ കൊലപാതകത്തിനു പിന്നില്‍ ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്തയ്ക്ക് പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഗൗരിയുടെ വീടിന് പുറത്തുനിന്നും കണ്ടെടുത്ത തോക്കിന്‍തിരകളില്‍ നിന്നാണ് 7.65 എം.എം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here