ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ. രാജയും ഡിഎംകെ എംപി കനിമൊഴിയും ഉള്‍പ്പെടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാവരെയും കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും പ്രതികളായിരുന്ന കേസില്‍ ആകെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്‌നിയാണ് ഇവരെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ചരിത്രവിധി പറഞ്ഞത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി കണ്ടെത്തിയതായി അഭിഭാഷകന്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിധി പ്രസ്താവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

പ്രതിസ്ഥാനത്തുണ്ടായിരുന്നവരെ വെറുതെവിട്ട സാഹചര്യത്തില്‍ ക്രമക്കേട് കണ്ടെത്തിയ മുന്‍ സിഎജി വിനോദ് റായ് രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ കടുത്ത രാഷ്ട്രീയ പരീക്ഷണം നേരിടുന്ന ഡിഎംകെയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വിധി. രണ്ടാം യുപിഎ സര്‍ക്കാരിന് ഭരണം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ മുഖ്യ അഴിമതിക്കേസിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

2011 നവംബര്‍ 11ന് !!ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് ഇന്നു വിധി പറയാന്‍ തീരുമാനിച്ചത്. 1.76 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍, 122 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണു സിബിഐ കേസ്.

യുഎസിലെ വാട്ടര്‍ഗേറ്റിനുശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്നു ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണ് പ്രതികളെയെല്ലാം വെറുതെ വിട്ടിരിക്കുന്നത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ. രാജ, !ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി എന്നിവരെല്ലാം ഈ കേസില്‍ വിചാരണ നേരിട്ടിരുന്നു. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും കമ്പനി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here