ന്യൂഡൽഹി: നരേന്ദ്ര മോഡി പ്രധാനമന്ത്രിയായശേഷം ഇന്ത്യ–- ചൈന ഉഭയകക്ഷിവ്യാപാരത്തിൽ വൻ കുതിച്ചുകയറ്റം. 2014–-15ൽ അഞ്ച്‌ ലക്ഷം കോടിയുടെ ഉഭയകക്ഷി വ്യാപാരം‌ നടന്നെങ്കിൽ 2019–-20ൽ ഇത്‌ 7.23 ലക്ഷം കോടിയായി. മൊബൈൽഫോൺ, ഉപഭോക്തൃ സാമഗ്രികൾ എന്നിവയ്‌ക്കു പുറമെ ഓട്ടോമൊബൈൽ, ഒപ്‌ടിക്കൽ ഫൈബർ, നിർമാണം, രാസവസ്‌തുക്കൾ, ഇ–-വിപണി മേഖലകളിലേക്കും ഇന്ത്യയിൽ ചൈനീസ്‌ നിക്ഷേപം വ്യാപിച്ചു.രണ്ടായിരത്തി ആറിൽ രാജ്യത്ത്‌ ചൈനയിൽനിന്ന്‌ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്‌ഡിഐ) 150 കോടി ഡോളറായിരുന്നു. 2014ൽ ഇത്‌ 54 കോടി ഡോളറായി ചുരുങ്ങി. എന്നാല്‍, കഴിഞ്ഞവർഷം 414 കോടി ഡോളറായി കുതിച്ചു. 800ൽപരം ചൈനീസ്‌ കമ്പനികൾ ഇന്ത്യയിലുണ്ട്. ഔഷധനിർമാണത്തിന്‌ ആവശ്യമായ വസ്‌തുക്കളിൽ 66 ശതമാനവും ചൈനയിൽനിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌‌.

ചൈനയിൽനിന്നുള്ള അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ച്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റി അയക്കുന്ന മേഖല ഇന്ത്യയില്‍ തഴച്ചുവളരുന്നുണ്ട്. ഔഷധനിര്‍മാണമേഖലയില്‍ ഇത് പ്രകടമാണ്. 2018–-19ൽ ഇന്ത്യ 1400 കോടി ഡോളറിന്റെ ഔഷധം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തതായി രാജ്യസഭയിൽ കേന്ദ്രം മറുപടി നല്‍കിയിട്ടുണ്ട്. 2018–-19ൽ അമേരിക്കയിലേക്ക്‌ 1400 കോടിയുടെ ഔഷധം കയറ്റുമതി ചെയ്‌തു. ഇലക്‌ട്രിക്കൽ, ഓട്ടോമൊബൈൽ, വളം മേഖലകളിൽ രാജ്യത്ത്‌ നിർമിക്കുന്ന പല സാമഗ്രികളുടെയും ഘടകവസ്‌തുക്കൾ ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്നതാണ്‌.

ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യയുടെ ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടുതലാണെങ്കിലും ഇന്ത്യ പിന്തിരിഞ്ഞാൽ ചൈനയ്‌ക്ക്‌ വലിയ പ്രഹരമാകില്ല. ചൈനയുടെ മൊത്തം കയറ്റുമതിയുടെ മൂന്ന്‌ ശതമാനംമാത്രമാണ്‌ ഇന്ത്യയിലേക്കുള്ളത്; ഇറക്കുമതിയിൽ ഒരു ശതമാനം മാത്രവും.

എന്നാല്‍, ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 14.09 ശതമാനവും ചൈനയിൽനിന്നാണ്. ഇന്ത്യയുടെ കയറ്റുമതിയുടെ 5.33 ശതമാനംമാത്രമാണ് ചൈനയിലേക്കുള്ളത്. പ്രധാനമന്ത്രി മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ 16 കൂടിക്കാഴ്‌ചയിലും ഉഭയകക്ഷി വ്യാപാരചർച്ചകൾക്കാണ്‌ മുന്തിയ പരിഗണന ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here