ജയ്പൂർ: ബി.ജെ.പിയിൽ ചേരാൻ താൻ പണം വാഗ്ദാനം ചെയ്തുവെന്ന് ആരോപണമുന്നയിച്ച കോൺഗ്രസ് എം.എൽ.എക്ക് വക്കീൽ നോട്ടീസ് അയച്ച് രാജസ്ഥാൻ മുൻ പി.സി.സി പ്രസിഡൻറ് സചിൻ പൈലറ്റ്. ബി.ജെ.പിയില് ചേരുന്നതിന് സചിന് പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപണമുന്നയിച്ച ഗിരിരാജ് സിങ് മലിംഗ എം.എല്.എക്കെതിരെയാണ് സചിൻ പൈലറ്റ് വക്കീൽ നോട്ടീസ് അയച്ചത്.

തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സചിന് പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തതായി കോണ്ഗ്രസ് എം.എല്.എ വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ പൈലറ്റ് തന്നോട് ഡിസംബര് മുതല് തുടര്ച്ചയായി ചര്ച്ച നടത്തിയിരുന്നതായും താന് വാഗ്ദാനം നിരസിച്ചെന്നും മലിംഗ പറഞ്ഞിരുന്നു.

‘‘ഹരിയാനയിലോ ജയ്പൂരിലോ പെട്ടുകിടക്കുന്ന എം.എൽ.എമാർ പണത്തിന് പിന്നാെല ഓടുകയാണ്. അവർ അങ്ങനെ പോയതല്ലെന്ന് പറഞ്ഞാൽ അത് തെറ്റായ അവകാശവാദമാണ്. എനിക്ക് പോലും ഇതേ വാഗ്ദാനം സചിൻ പൈലറ്റിൽ നിന്നുമുണ്ടായി. പക്ഷെ ഞാനത് നിരസിച്ചു.’’ എന്നായിരുന്നു മലിംഗയുടെ വാദം. 35 കോടി രൂപ വാഗ്ദാനം ചെയ്തോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അതെ 35’ എന്നായിരുന്നു മറുപടി.

എന്നാൽ സചിൻ പൈലറ്റ് ആരോപണം നിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അപകീര്ത്തിപ്പെടുത്താനായി ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here