ചെന്നൈ: രജനി മക്കൾ മൺഡ്രത്തിന്റെ യോഗം വിളിച്ച് രജനികാന്ത്. താരം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹം യോഗം വിളിച്ചിരിക്കുന്നത്. ചെന്നൈയിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം.രജനി മക്കൾ മൺഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള നിർണായക തീരുമാനം യോഗത്തിൽ കൈക്കൊള്ളുമെന്നാണ് സൂചന. അതേസമയം നാളെ രാവിലെ പത്ത് മണിക്ക് എത്തണമെന്ന സന്ദേശം മാത്രമാണ് ലഭിച്ചതെന്നും, യോഗത്തിന്റെ അജണ്ട എന്താണെന്ന് അറിയില്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്.രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിംഗ് ഉൾപ്പെടെ ഒഴിവാക്കി, ആൾക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു രജനികാന്ത്.

വർഷങ്ങൾക്ക് മുമ്പ് താരം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.അതിനാൽത്തന്നെ കൊവിഡ് സാഹചര്യത്തിൽ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുന്നയാളാണ് അദ്ദേഹം. എന്നിട്ടും ഇങ്ങനെയൊരു യോഗം വിളിച്ചത് പാർട്ടി പ്രഖ്യാപനത്തിന് തന്നെയാണെന്നാണ് ആരാധകർ സംശയിക്കുന്നത്.പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അടുത്തിടെ രജനികാന്ത് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here