ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ജനജീവിതം ദുരിതമയമാക്കുന്ന വിധം ഉയരാൻ കാരണം കോവിഡ്‌ അടച്ചുപൂട്ടലിന്റെ തുടക്കത്തിൽ കേന്ദ്രം അധിക എക്‌സൈസ്‌ തീരുവ കുത്തനെ കൂട്ടിയത്‌. ഡീസല്‍ ലിറ്ററിന് 13 രൂപയും പെട്രോളിന്‌ 10 രൂപയുമാണ് തീരുവ കൂട്ടിയത്‌. ഇതുവഴി നടപ്പ്‌ സാമ്പത്തികവർഷം കേന്ദ്രത്തിന് 2.25 ലക്ഷം കോടി അധിക വരുമാനം ലഭിക്കും.

രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങൾക്ക്‌ അനുസൃതമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറവിൽപ്പന വില കൂടുകയും കുറയുകയും ചെയ്യുമെന്നാണ്‌ വിലനിയന്ത്രണ അധികാരം കമ്പനികൾക്ക്‌ നൽകിയപ്പോൾ കേന്ദ്രം പ്രഖ്യാപിച്ചത്‌. എന്നാൽ, മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം എണ്ണവില കുറയുമ്പോഴെല്ലാം തീരുവ വർധിപ്പിച്ച്‌ ജനങ്ങൾക്ക്‌ വിലക്കുറവിന്റെ പ്രയോജനം നിഷേധിച്ചു. ഒന്നാം മോഡി സർക്കാർ 11 തവണ‌ തീരുവ കൂട്ടി‌. വീണ്ടും അധികാരത്തിൽവന്നശേഷം തീരുവ യഥേഷ്ടം വർധിപ്പിക്കാൻ ധനനിയമത്തിൽ ഭേദഗതി കൊണ്ടുവന്നു.

ഏപ്രിൽ–-െമയ്‌ കാലത്ത്‌ അസംസ്‌കൃത എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളർവരെ ഇടിഞ്ഞപ്പോഴാണ്‌ തീരുവ കുത്തനെ കൂട്ടിയത്‌. ജൂൺമുതൽ എണ്ണവില ഉയരാൻ തുടങ്ങിയതോടെ ചില്ലറവിൽപ്പന വില എണ്ണക്കമ്പനികൾ അനുദിനം വർധിപ്പിച്ചു. തീരുവ കേന്ദ്രം അതേപടി നിലനിർത്തി.

വിലനിയന്ത്രണ അധികാരം കമ്പനികള്‍ക്കാണെന്ന് വ്യാഖ്യാനിക്കുന്നതിലും കള്ളക്കളിയുണ്ട്‌. ബിജെപിക്ക്‌ പ്രതീക്ഷയുള്ള നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകാലങ്ങളിൽ ആഴ്‌ചകളോളം എണ്ണവിലയിൽ വർധന വരുത്താറില്ല. ഗുജറാത്ത്‌, ഹിമാചൽപ്രദേശ്‌, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലത്ത്‌ അസംസ്‌കൃത എണ്ണവില ഉയർന്നിട്ടും ചില്ലറവില കൂട്ടിയില്ല. കേന്ദ്രഇടപെടൽ ഇപ്പോഴുമുണ്ടെന്ന്‌ ഇത്‌ തെളിയിക്കുന്നു. സ്വകാര്യ എണ്ണക്കമ്പനികൾക്കും കൊള്ളലാഭം നൽകുന്നതാണ്‌ സർക്കാർനയം.

LEAVE A REPLY

Please enter your comment!
Please enter your name here