ന്യൂഡൽഹി : കോവിഡ്‌ പ്രതിരോധത്തിന്‌ കേന്ദ്രസർക്കാരും ആയുഷ്‌മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച്‌ അംഗീകാരമുള്ള ഹോമിയോ ഡോക്ടർമാർക്ക്‌ മരുന്നുകൾ നൽകാമെന്ന്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്‌ ഉത്തരവിട്ടു.

മാർച്ച്‌ ആറിന്‌ ആയുഷ്‌ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ കോവിഡിന്‌ ഹോമിയോചികിത്സ ഏതൊക്കെ രീതിയിലാകാം എന്നത്‌‌ പ്രതിപാദിച്ചിട്ടുണ്ട്‌. ഹോമിയോപ്പതിയെ രോഗശുശ്രൂഷയ്‌ക്കുള്ള ഉപായമെന്ന നിലയിൽത്തന്നെയാണ്‌ മന്ത്രാലയം വിഭാവനം ചെയ്‌തിട്ടുള്ളത്‌. കോവിഡ്‌ പ്രതിരോധിക്കാനും ലഘൂകരിക്കാനും ഹോമിയോപ്പതി ഉപയോഗിക്കാമെന്നാണ്‌ മാർഗനിർദേശത്തിൽനിന്ന്‌ മനസ്സിലാക്കാൻ കഴിയുന്നത്‌–- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഹോമിയോ, ആയുഷ്‌ ഡോക്ടർമാർ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള അംഗീകാരമുള്ള മരുന്നുകൾമാത്രം നൽകിയാൽ മതിയെന്ന്‌ കേരള ഹൈക്കോടതി ആഗസ്‌ത്‌ 21ന്‌ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ എകെബി സദ്‌ഭാവനാ മിഷൻ സ്‌കൂൾ ഓഫ്‌ ഹോമിയോ ഫാർമസി‌ സുപ്രീംകോടതിയെ സമീപിച്ചു‌. മാർഗനിർദേശങ്ങൾ പൂർണമായും മനസ്സിലാക്കാതെയാണ്‌ ഹൈക്കോടതി ഉത്തരവിറക്കിയതെന്ന്‌ സുപ്രീംകോടതി വിലയിരുത്തി. ഹോമിയോ ഡോക്ടർമാർക്ക്‌ എതിരെ നടപടി സ്വീകരിക്കണമെന്ന നിർദേശം അംഗീകരിക്കാനാകില്ല. കോവിഡ്‌ ചികിത്സയ്ക്ക്‌ മരുന്നുണ്ടെന്ന രീതിയിൽ ഡോക്ടർമാർ അവകാശവാദങ്ങളോ പരസ്യപ്രചാരണങ്ങളോ നടത്താൻ പാടില്ലെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതിയും ശരിവച്ചു.

( കഴിഞ്ഞദിവസം ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച ‘ഹോമിയോ, ആയുഷ്‌ ഡോക്ടർമാർ കോവിഡ്‌ ചികിത്സ നടത്തരുതെന്ന്‌ സുപ്രീംകോടതി’ വാർത്തയിൽ വസ്‌തുതാപരമായ പിശകുണ്ടായതിൽ നിർവ്യാജം ഖേദിക്കുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here