നിയമസഭയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് ആരംഭിക്കുന്നതോടെ , പ്രതിപക്ഷ പ്രതിഷേധവും കൂടുതൽ രൂക്ഷമാകും. സഭയിൽ പ്രതിഷേധമുയർത്തിയാലും , നടപടികൾ ബഹിഷ്ക്കരിക്കുന്നതിലേക്ക് പ്രതിപക്ഷം നീങ്ങിയേക്കില്ല.

ഗവർണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിക്കുന്നത് കെ.മുരളീധരനാണ്. സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചേക്കില്ല. പ്രതിഷേധം ഉയർത്തിക്കൊണ്ട് നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. നിയമസഭ പ്രതിഷേധത്തിന്റെ വേദിയാക്കുക, ബാർകോഴ, സോളർ പ്രശ്നങ്ങൾ ആവർത്തിച്ച് ഉന്നയിക്കുക, ഇതാണ് പ്രതിപക്ഷത്തിന്റെ നീക്കം. 12ാം തീയതി മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള് ശക്തമായ എതിർപ്പ് ഭരണപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ഇതെല്ലാം മുൻകൂട്ടികണ്ടാണ് ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത് വിട്ടത്.

സിപിഎമ്മുമായി കൂടിയാലോചിച്ചാണ് ബാറുടമകളുടെ നീക്കമെന്നും എസ്പി സുകേശന്റെ നിർദ്ദേശ പ്രകാരമാണ് നാല് മന്ത്രിമാർരുടെ പേര് പറഞ്ഞതെന്നും ബിജു രമേശ് പറയുന്ന ശബ്ദരേഖ സിപിഎം തള്ളിയെങ്കിലും , ഇത് ഭരണപക്ഷം പിടിവള്ളിയാക്കിയേക്കും. പക്ഷെ പ്രതിപക്ഷ നീക്കങ്ങൾക്കനുസരിച്ച് പ്രതികരിക്കുക എന്നല്ലാതെ ഭരണപക്ഷത്തിന് ഈ ആക്രമണത്തെ നേരിടാൻ പ്രത്യേകിച്ച് തന്ത്രമോ ആയുധമോ കൈവശമില്ല.

11ന് നിയമ നിർമ്മാണവും സാമ്പത്തിക അവലോകന റിപ്പോർട്ടും സഭ പരിഗണിക്കും. 12ന് ഈ സർക്കാരിന്റെ അവസാനത്തെ ബജറ്റാണ് അവതരിപ്പിക്കുക. കഴിഞ്ഞ ബജറ്റ് അവതരണം കേരളം മറന്നിട്ടില്ല. അതുണ്ടാക്കിയ പരുക്ക് തിരിച്ചറിയുന്ന പ്രതിപക്ഷം അക്രമത്തിലേക്ക് നീങ്ങാതെ എങ്ങിനെ പ്രതിഷേധിക്കുന്നു എന്ന്കാണാനാണ് ജനങ്ങൾകാത്തിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here