പാലാ: പാലാ നഗരസഭയിലെ എൻ.സി.പി.യുടെ ഏക കൗൺസിലർ മാണി സി. കാപ്പൻ എം. എൽ. എ യെ കൈവിട്ടു. മാണി. സി. കാപ്പൻ യു.ഡി.എഫിലേക്ക് എന്ന് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ്, ഇതേ വരെ കൗൺസിലറായി സത്യപ്രതിജ്ഞ കഴിഞ്ഞിട്ടില്ലാത്ത എൻ. സി.പി.യുടെ ഏക കൗൺസിലർ ഷീബ ജിയോ ഇന്ന് രാവിലെ പാലാ നഗരസഭയിലെ സി.പി.എം. കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തത്.മാണി. സി. കാപ്പൻ ഇടപെട്ടാണ് ഷീബ ജിയോ നഗരസഭാ 26ാം വാർഡിൽ മത്സരിച്ചത്.

എന്നാൽ, പ്രചാരണം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കു വേണ്ടി കാപ്പനും കൂട്ടരും ചില ചരടുവലികൾ നടത്തിയതായി ഇടതു മുന്നണി, പ്രത്യേകിച്ച് സി.പി.എം. ആരോപണമുന്നയിച്ചിരുന്നു.എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ മാണി സി. കാപ്പൻ ഷീബ ജിയോ, എൻ. സി. പി. യുടെ സ്ഥാനാർത്ഥിയാണെന്ന് പലവട്ടം പരസ്യമായി പറഞ്ഞിരുന്നു. ഷീബയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്‌ളക്‌സും മറ്റും സ്‌പോൺസർ ചെയ്തതും കാപ്പനായിരുന്നു.എന്നാൽ, യു.ഡി.എഫ്. സ്ഥാനാർത്ഥി ജയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന സീറ്റിൽ ഷീബ അട്ടിമറി വിജയം നേടിയെങ്കിലും നേരിട്ടൊന്ന് വിളിച്ച് അഭിനന്ദിക്കാൻ പോലും എം. എൽ. എ തയ്യാറാകാതിരുന്നത് ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു.അതിനിടെയാണ് തന്ത്രപൂർവ്വം സി.പി.എം പാലാ ഏരിയാ നേതൃത്വം കാര്യങ്ങൾ നീക്കിയത്. ഇന്ന് രാവിലെ 10.30 ഓടെ സി.പി.എം. പാലാ ഏരിയാ കമ്മിറ്റി ഓഫീസിൽ നഗരസഭയിലെ സി.പി. എം കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗത്തിലേക്ക് ഷീബ എത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് മാണി സി. കാപ്പൻ വിവരമറിയുന്നത്. അപ്പോൾ തന്നെ ഷീബയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവത്രേ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിലാകെയായി എൻ. സി. പി.യ്ക്ക് രണ്ടേ രണ്ടു സീറ്റേ ഇടതു മുന്നണി കൊടുത്തിരുന്നുള്ളൂ. അതിൽ ഒന്നിൽ ജയിച്ച കൗൺസിലറാണിപ്പോൾ പാർട്ടിയെയും കാപ്പനെയും തള്ളി സി.പി.എമ്മിന്റെ ക്യാമ്പിലേക്ക് ഞൊടിയിടയിൽ കയറിപ്പറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here