രാജേഷ് തില്ലങ്കേരി


കൊച്ചി : കൊച്ചി, തൃശ്ശൂർ, കോട്ടയം തുടങ്ങിയ  നഗരസഭകളിൽ ഇപ്പോൾ വലിയ വിലയാണ് വിമതർക്ക്.  ത്രിശങ്കുവിലായ കൊച്ചി കോർപ്പറേഷൻ ഭരണം മുസ്ലിംലീഗ്, കോൺഗ്രസ് വിമതരുടെ പിന്തുണയോടെയാണ് എൽ ഡി എഫ് പിടിച്ചത്. ബന്ധവൈരികളായിരുന്നവർ ഒറ്റ രാത്രികൊണ്ട് നിറം മാറി. പലരും ഏറ്റവും ഉന്നതമായ സ്ഥാനം തന്നാൽ കൂടെ നിൽക്കാമെന്ന നിലയിലും. 21 ന് മുൻപ് സീറ്റുകൾ ഉറപ്പിക്കേണ്ടതുണ്ടെന്നതിനാൽ വിമതരുടെ മുന്നിൽ ചാക്കുമായി നിൽക്കയാണ് മുന്നണികൾ. പണം വേണ്ടവർക്ക് പണം, സ്ഥാനം വേണ്ടവർക്ക് സ്ഥാനം, മോഹന വാഗ്ദാനങ്ങൾക്ക് വേണ്ടത് ഉറപ്പാണ്, അഞ്ചു വർഷം തങ്ങളെ ആ കസേരയിൽ ഇരുത്താമെന്ന്. മറ്റു പോംവഴിയില്ലാതെ വന്നതോടെ മുന്നണികൾ അവർക്ക് കീഴടങ്ങുന്നു.
കഴിഞ്ഞ തവണ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിന്റെ വിമതന്റെ തോളിൽ കയറിയാണ് ഇടതുമുന്നണി ഭരണത്തിലേറിയത്. നാല് വർഷം കഴിഞ്ഞപ്പോൾ വിമതൻ സ്വന്തം തട്ടകത്തിലേക്ക് തിരികെപോയി, ഇതോടെ ഇടത് ഭരണവും അവസാനിച്ചു.

തൃശ്ശൂരിൽ കോൺഗ്രസ് വിമതനെ മേയറാക്കേണ്ടിവന്നു എൽ ഡി എഫിന്. എൽ ഡി എഫ് ഭരണം നിലനിർത്താൻ . കോട്ടയത്ത് എൽ ഡി എഫ് ഭരണം വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസ് വിമതയായി മൽസരിച്ച് ജയിച്ച കൗൺസിലർ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കോട്ടയത്ത് ഇനി ഭാഗ്യദേവത തീരുമാനിക്കും.

21 സീറ്റായിരുന്നു യു ഡി എഫിന് ലഭിച്ചിരുന്നത്. 22 സീറ്റുകൾ നേടി എൽ ഡി എഫ് ഒന്നാം സ്ഥാനത്തെത്തി. കോൺഗ്രസ് വിമതയായിരുന്ന ബിൻസി സെബാസ്റ്റിയൻ യു ഡി എഫിനെ പിന്തുണ അറിയിച്ചതോടെയാണ് 22, 22 എന്ന നിലയിലേക്ക് സീറ്റുകളുടെ എണ്ണമെത്തിയത്.  ചെയർപേഴ്‌സൺ സ്ഥാനം നൽകുന്നവർക്ക് വോട്ട് എന്നായിരുന്നു ബിൻസിയുടെ നിലപാട്. കോൺഗ്രസ് നേതൃത്വം ഇത് അംഗീകരിച്ചതോടെയാണ് പിന്തുണയുമായി ബിൻസി കോൺഗ്രസ് നേതാക്കളെ കണ്ടത്. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ബിൻസിയുമായി ചർച്ച നടത്തിയിരുന്നു.
യു ഡി എഫിന് ബിൻസിയുടെ പിന്തുണ ലഭിച്ചെങ്കിലും ഭരണം കിട്ടുമോ എന്ന് ടോസിൽ ഭാഗ്യം തുണയ്ക്കണം.

ഇതേ നിലപാടാണ് തൃശ്ശൂർ കോർപ്പറേഷനിലും കോൺഗ്രസ് വിമതൻ സ്വീകരിച്ചത്.  മുക്കം നഗരസഭയിലും വിമതരുടെ പിറകെയാണ് മുന്നണികൾ. മുസ്ലിംലീഗ് വിമതന്റെ മനമറിയാനായി കാത്തിരിക്കയാണ് ഇടതു -വലതു മുന്നണികൾ. യു ഡി എഫ് വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കിയ നഗരസഭയാണ് മുക്കം. ഏറ്റുമാനൂർ നഗരസഭയിലും കോൺഗ്രസ് വിമത സുനിതാ ബിനീഷും ഒരു സ്വതന്ത്രനും യു ഡി എഫിന് പിന്തുണ നൽകുന്നതോടെ ഏറ്റുമാനൂർ നഗരഭരണവും യു ഡി എഫിനായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here