സ്വന്തം ലേഖകൻ

ഇടുക്കി : വാഗമൺ നിശാപാർട്ടി കേസിൽ റിസോർട്ട് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി ഐ നേതാവുമായ ഷാജി കുറ്റിക്കിടിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.
അറുപതോളം പേരടങ്ങുന്ന സംഘത്തെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ജില്ലാ നർക്കോട്ടിക്ക് സെൽ റെയിഡ് ചെയ്തത്. നിശാപാർട്ടിക്കായി എത്തിച്ചിരുന്ന എൽ എസ് ഡി, കഞ്ചാവ്, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്ന് ശേഖരം പിടികൂടിയതോടെ പാർട്ടിക്കെത്തിയ സ്ത്രീകളടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒൻപതംഗ സംഘമാണ് നിശാപാർട്ടി സംഘടിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പാർട്ടിയിലേക്ക് ആളുകളെ എത്തിച്ചതെന്നാണ് കരുതുന്നത്.


ബർത്ത് ഡേ പാർട്ടിക്കായാണ് റിസോർട്ട് ബുക്കുചെയ്തിരുന്നതെന്നാണ് റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടിന്റെ മൊഴി. സ്ത്രീകളടക്കമുള്ള സംഘം മാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇടുക്കിയിലെ റിസോർട്ടുകൾ കോവിഡ് ബാധയെത്തുടർന്ന് ഏറെ മാസങ്ങളായി അടച്ചിട്ടിരിക്കയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ലഹരി സംഘം റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരിപാർട്ടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്.


കൊച്ചിയിൽ കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ റിസോർട്ടിൽ റെയിഡുനടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here