തിരുവനന്തപുരം: സിസ്റ്റർ അ‍ഭയയെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം കിണറ്റിൽ ത‍ള്ളിയതാണെന്ന സിബിഐയുടെ കണ്ടെത്തൽ പ്രത്യേക കോടതി പൂർണമായി ശരിവച്ചു. വിചാരണ വേളയിൽ തന്നെ അഭയയുടെ മരണം കൊലപാതകമെന്നു വ്യക്തമായെന്നും അ‍ഭയയെ തലയ്ക്കടിച്ചു മാരകമായി പരു‍ക്കേൽപ്പിച്ച ശേഷമാണു കിണ‍റ്റിലിട്ടതെന്നും ജഡ്ജി കെ. സനിൽകുമാർ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
മറ്റു കണ്ടെത്തലുകൾ

∙ അഭയ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ല. ഇതിനു തെളിവുകളും ഇല്ല. അഭയ സമ‍ർഥയായ വിദ്യാർഥിയായിരുന്നു. അഭയയുടെ തലയിൽ കാണപ്പെട്ട മുറിവുകൾ കിണറ്റിനുള്ളിൽ വച്ച‍ുണ്ടായതല്ല. പോസ്റ്റ്മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകളിൽ ഇതു സംബന്ധിച്ചു വ്യക്തമായ തെളിവുണ്ട്.

∙ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെ‍ഫിയും തമ്മിലുള്ള ബന്ധം അഭയ കാണാനിടയായി. ഇതു പുറത്തു പറയാതിരിക്കാൻ വേണ്ടി, കൊലപ്പെടുത്തണമെന്ന ഉ‍ദ്ദേശ്യത്തോടെയാണ് ഫാ. കോട്ടൂർ കോടാലി ഉപയോഗിച്ചു 3 തവണ അഭയയുടെ തല‍യ്ക്കടിച്ചത്. തലയുടെ മ‍ധ്യത്തിലും വശത്തുമാണ് അടിയേറ്റത്. ഇതിനു ശേഷം അ‍ഭയയെ കിണ‍റ്റിലിട്ടു. ഈ വ‍ീഴ്ചയിലാണ് അഭയയുടെ ശരീരത്തിൽ മു‍റിവുണ്ടായത്. തലയിലെ 3 മുറിവുകളും ആയുധം കൊണ്ടുള്ളതാണെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ മൊഴി നൽകി. ആത്മഹത്യയെന്നു വരുത്തി തീർക്കാനാണു പ്രതികൾ ശ്രമിച്ചത്. സാഹചര്യത്തെളിവുകൾ പ്രതികൾക്ക് എതിരായിരുന്നു.

∙ കൊല നടന്ന പയസ് ‍ടെൻത് കോൺവന്റിൽ ഫാ. കോ‍ട്ടൂരിന്റെ സാന്നിധ്യം ഉ‍ണ്ടായിരുന്നതിനെക്കുറിച്ചു സാക്ഷിമൊഴി ലഭിച്ചിരുന്നു. 1992 മാർച്ച് 27 ന് പുലർച്ചെ 4.15 നും അഞ്ചിനുമിടയിലാണ് അഭയ കൊല്ലപ്പെട്ടത്. 4.30 നാണ് അഭയയുടെ തലയ്ക്കടിച്ചത്.

∙ അടുക്കളയിലും തൊട്ടടുത്തുള്ള കൈ കഴുകുന്ന സ്ഥലത്തുമാണു കൊല നടന്നത്. താഴത്തെ നിലയിലെ മുറിയിൽ ഒറ്റയ്ക്കാണ് സിസ്റ്റർ സെഫി താമസിക്കുന്നത്. ഇതിനു സമീപത്തുള്ള കിണറ്റിൽ നിന്നാണ് അഭയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം കോൺവന്റിനു മുന്നിൽ ഫാ. തോമസ് ‍കോട്ടൂ‍രിന്റെ സ്കൂട്ടർ കണ്ടെന്ന മൊഴി വിശ്വസനീയമാണ്. ഇതിന് ഫാ. കോട്ടൂരിനു വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ല.

∙ ഫാ. കോട്ടൂർ, കൊല നടന്ന പയസ് ട‍െൻത് കോൺവന്റിലെ നിത്യസന്ദർശകനാണെന്നു സാക്ഷി മൊഴികളിൽ വ്യക്തമായി. ഫാ. കോട്ടൂരും സിസ്റ്റർ സെ‍ഫിയും സ്വഭാവദൂഷ്യമുള്ളവരാണെന്നു പ്രഫ. ത്രേസ്യാമ്മ നൽകിയ മൊഴിയിൽ വ്യക്തമാണ്.

∙ കൊലയുമായി ബന്ധപ്പെട്ട് ഫാ. കോട്ടൂർ സാക്ഷി കളർകോട് വേണുഗോപാലി‍നോടു നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്.

∙ മുഖ്യസാക്ഷിയായ അടയ്‍ക്കാ രാജുവിന്റെ മൊഴി സാഹചര്യങ്ങളുമായി ഒത്തു പോകുന്നതാണ്. കോൺവന്റിൽ മോഷണത്തിനായി കയറിയപ്പോൾ ഫാ. കോ‍ട്ടൂരിനെ കണ്ടെന്ന അടയ്ക്കാ രാജുവിന്റെ മൊഴി പൂർണമായി വിശ്വസിക്കാം.

∙ പുരുഷൻമാരുടെ സാന്നിധ്യം നിരോധിച്ച കോൺ‍വന്റിലാണു കുറ്റകൃത്യം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here