രാജേഷ് തില്ലങ്കേരി


കൊച്ചി : കേരളത്തിൽ അടുത്ത നാല് മാസത്തിനിടയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി എന്താണ് സംഭവിക്കുക ?  കോൺഗ്രസ് നേതാക്കൾ ഒഴികെയുള്ളവരുടെ  ആശങ്കയാണിത്. ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് കോൺഗ്രസിനെ രക്ഷിക്കാനുള്ള അടിയന്തര നടപടിക്കാണ് ഹൈക്കമാന്റ് നീക്കം. ഉമ്മൻ ചാണ്ടിയെ കൊണ്ടുവരാനുള്ള തീരുമാനത്തെ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ മകൻ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കാണണമെന്ന നിലപാടുമായി മുന്നേറുന്ന കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾ ഇപ്പോഴും കടുത്ത പോരാട്ടത്തിലാണ്. പോരാട്ടങ്ങൾ സ്വന്തം ഗ്രൂപ്പിന് വേണ്ടിയാണ്. അല്ലാതെ തകർന്നു പോയ സംഘടനയെ തിരിച്ചുപിടിക്കുന്നതിനല്ല.

യഥാർത്ഥത്തിൽ ഈ പരാജയത്തിന് കാരണക്കാർ ആരാണ്. വളരെ ചെറിയ ഒരു സമയത്തിനുള്ളിലുണ്ടായ തകർച്ചായാണോ ഇത്.
വി എം സുധീരന്റെ കാലത്ത് തുടങ്ങിയ തകർച്ചയാണ് കോൺഗ്രസ് ഇന്ന് ഏറ്റവും മോശാവസ്ഥയിൽ എത്തിച്ചത്.
സുധീരനെ തിരിച്ചു വിളിച്ചും എം എം ഹസ്സനെ മുന്നിലെത്തിച്ചുമൊക്കെ നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയങ്ങൾക്ക് വഴിയൊരുക്കി. കെ പി സി സി പ്രസിഡണ്ടിനെ നിയമിക്കുന്നതുമുതൽ ജംബോ കമ്മിറ്റിയുണ്ടാക്കുന്നതുവരെയുള്ള തീരുമാങ്ങൾ,  പലരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിന് അപ്പുറം മറ്റൊന്നുമായിരുന്നില്ല ഇതൊ
മുരളിയെ വിളിച്ച് കോൺഗ്രസിനെ രക്ഷിക്കാനും കെ സുധാകരനെ വിളിച്ച് കോൺഗ്രസിനെ രക്ഷിക്കാനുമൊക്കെ ആഹ്വാനമുണ്ടായി, എന്നിട്ട് എന്ത് സംഭവിച്ചു. ഫ്‌ളക്‌സുകളും പോസ്റ്ററുകളും സ്ഥാപിച്ച് കോൺഗ്രസിനെ രക്ഷിക്കാൻ ആഹ്വാനം ചെയ്തതും ഗ്രൂപ്പ് നടത്തിപ്പുകാരുടെ മറ്റൊരു പ്രകടനമാത്രം.

മുല്ലപ്പള്ളിയെ മാറ്റണം, ചെന്നിത്തലയെ മാറ്റണം, ഉമ്മൻചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം, എന്നീ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും, കേരളത്തിലെ കോൺഗ്രസിൽ എന്താണ് സംഭവിച്ചതെന്ന ആത്മ പരിശോധന നടത്താൻ ഒരു നേതാവും തയ്യാറായിട്ടില്ല.

എല്ലാവരും പരസ്പരം കുറ്റം പറഞ്ഞുകൊണ്ടുള്ള ഒരു മുന്നേറ്റമാണ് നടന്നത്.
എന്നാൽ വിജയവും പരാജയവുമൊക്കെ തീരുമാനിക്കുന്നതിൽ ആരാണ് ഇടപെട്ടത് ? എന്ത് കൊണ്ട് വിജയിക്കേണ്ട സീറ്റുകളിൽ പരാജയപ്പെട്ടു. എന്തായിരുന്നു ജനങ്ങൾ കോൺഗ്രസിന് എതിരാവാൻ കാരണം… എന്നു തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. നേതൃത്വം മാറണ മെന്നു മാത്രമാണ് ആവശ്യം. അത് മാത്രം മതിയോ, നേതൃത്വം മാറിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ കോൺഗ്രസിന് കഴിയുമോ ?
കോൺഗ്രസ് ഏറ്റവും വലിയ പ്രതിസന്ധിയെ ആണ് നേരിടുന്നത്. ദേശീയതലത്തിൽ കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും കേരളമായിരുന്നു കോൺഗ്രസിന് ഏക ആശ്വാസം.
ഭരണം കിട്ടുമെന്ന ഘട്ടം വന്നപ്പോൾ മുഖ്യമന്ത്രിയാവാൻ ആഗ്രഹവുമായി മൂന്നു പേർ രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രി കസേര ലക്ഷ്യം വച്ചവർ. കേരളത്തിൽ സംഘടനയുടെ ശക്തി ക്ഷയിച്ചതൊന്നും ഇവർ അറിഞ്ഞിരുന്നില്ല. അതിന് പ്രധാന കാരണം ജനകീയ അടിത്തറയുണ്ടാക്കുന്നതിൽ ഈ നേതാക്കൾ പരാജയപ്പെട്ടിരിക്കുന്നു എന്നാണ് അർത്ഥം. അതുകൊണ്ടാണ് വീണ്ടും ഉമ്മൻ ചാണ്ടിയിലേക്ക് കോൺഗ്രസ് പോവേണ്ടി വരുന്നത്. ഉമ്മൻ ചാണ്ടിക്കുള്ള സ്വീകാര്യതയാണ് ഇനി കോൺഗ്രസിനുള്ള ഒറ്റമൂലി.

LEAVE A REPLY

Please enter your comment!
Please enter your name here