വാഷിങ്ടൻ : കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ ബ്രിട്ടനും ജർമനിയും മറ്റും കർശന നടപടികളിലേക്കു നീങ്ങുമ്പോൾ കെനിയ, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ ഭീതിയിൽ നിന്നു കരകയറുന്നു. ഇതേസമയം, യുഎസിൽ ഇപ്പോഴും പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം 2 ലക്ഷത്തോളമാണ്. പലരാജ്യങ്ങളിലും വാക്സീൻ വിതരണം ആരംഭിച്ചുകഴിഞ്ഞു. ലോകരാജ്യങ്ങളിലെ നില:

യുകെ: ഒറ്റദിവസം അരലക്ഷത്തിലേറെ കേസുകളും അഞ്ഞൂറോളം മരണവും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നടപടികൾ കർശനമാക്കുന്നു. ആകെ കേസുകൾ 27 ലക്ഷത്തോളം. സ്കോട്‌ലൻഡിൽ ഈ മാസം മുഴുവനും ലോക് ഡൗൺ. വീടിനു പുറത്തിറങ്ങരുതെന്നു നിർദേശം. അതേസമയം, 82 വയസ്സുകാരനായ ഡയാലിസിസ് രോഗിക്ക് കുത്തിവയ്പു നൽകി ബ്രിട്ടനിൽ ഓക്സ്ഫഡ് വാക്സീനും ഉപയോഗിച്ചു തുടങ്ങി. ഫെസർ വാക്സീൻ ഡിസംബർ 8 മുതൽ ഉപയോഗത്തിലുണ്ട്.

യുഎസ്: കോവിഡ് കേസുകൾ 2.1 കോടി കവിഞ്ഞു. ആകെ മരണം 3.6 ലക്ഷം.

ജർമനി: ലോക്ഡൗൺ 31 വരെ നീട്ടാൻ തീരുമാനം. ഡിസംബർ 16നു പ്രഖ്യാപിച്ച രണ്ടാം ലോക്ഡൗണിനെ തുടർന്നു സ്കൂളുകളും ഭക്ഷണശാലകളും അടച്ചു. പ്രതിദിന കേസുകൾ പതിനായിരത്തോളം. ആകെ കേസുകൾ 18 ലക്ഷത്തിനടുത്ത്. പ്രതിദിന മരണം 300; ആകെ മരണം 35,000.

ജപ്പാൻ: രാജ്യത്തെ 2.4 ലക്ഷം കോവിഡ് കേസുകളിൽ പകുതിയിലേറെയും തലസ്ഥാനമായ ടോക്കിയോയിൽ. ഒരു മാസത്തേക്ക് ഇവിടെ ലോക്ഡൗൺ പ്രഖ്യാപിക്കാൻ നീക്കം. വാക്സീൻ വിതരണം ഫെബ്രുവരി അവസാനത്തോടെ.

തായ്‌ലൻഡ് : 15 ദിവസമെങ്കിലും വീട്ടിനുള്ളിൽ കഴിയാൻ നിർദേശം. ബാങ്കോക്ക് ഉൾപ്പെടെ 28 ഇടങ്ങൾ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചു. ആകെ കേസുകൾ 8500. മരണം 65.

ഇന്തൊനീഷ്യ : കോവിഡ് വാക്സീൻ വിതരണം അടുത്ത വാരം ആരംഭിക്കും. പ്രതിദിന കേസുകൾ 7,000 ഓളം. ആകെ കേസുകൾ 7.7 ലക്ഷം, മരണം, 23,000.

ഓസ്ട്രേലിയ : സിഡ്നിയിൽ സ്ഥിതി മോശം. ഓസ്ട്രേലിയ–ഇന്ത്യ ക്രിക്കറ്റ് ടെസ്റ്റിൽ കാണികളുടെ എണ്ണം 10,000 ആയി കുറച്ചു.

ഫ്രാൻസ് : 50 ലേറെ പ്രായമുള്ള ആരോഗ്യപ്രവർത്തകർക്കു വാക്സീൻ വിതരണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here