രാജേഷ് തില്ലങ്കേരി കൊച്ചി : യു ഡി എഫിൽ നിന്നും വിട്ട രണ്ട് ഘടക കക്ഷികൾ എത്തിയതോടെ എൽ ഡി എഫിന്റെ സീറ്റുവിഭജനം കീറാമ്മുട്ടിയായി. കേരളാ കോൺഗ്രസ് ജോസ് കെ മാണിയും ലോക് താന്ത്രിക്ക് ജനതാദളും മുന്നണിയിലെത്തിയതോടെയാണ് ഇടതുമുന്നണി ആകെ ഞെരുങ്ങാൻ തുടങ്ങിയത്. പാലാസീറ്റിന്റെ കാര്യത്തിൽ എൻ സി പിയെ പ്രതിസന്ധിയിലാക്കിയതും മുന്നണിയിലെ ഘടക കക്ഷികളുടെ എണ്ണത്തിലുണ്ടായ വർധനയാണ്. ജോസ് കെ മാണിയെ കൂടാതെ മൂന്ന് കേരളാ കോൺഗ്രസ് ഗ്രൂപ്പുകളും ഇടതുമുന്നണിയിലുണ്ട്. കേരളാ കോൺഗ്രസിന്റെ തട്ടികമായിരുന്ന കൊട്ടാരക്കര അവരുടെ കയ്യിൽ നിന്നും നഷ്ടമായിരുന്നു. ഗണേഷ് കുമാറിന്റെ പത്തനാപുരം കൊണ്ട് അവർ തൃപ്തരാവേണ്ടിയും വന്നു. കൊട്ടാരക്കരയെന്ന ബാലകൃഷ്ണ പിള്ളയുടെ തട്ടകത്തിൽ ഇത്തവണ സി പി എം നേതാവ് ബാലഗോപാൽ മൽസരിക്കുമെന്നാണ് അറിയുന്നത്. മറ്റ് കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ ഇത്തവണ സീറ്റുലഭിക്കാനുള്ള സാധ്യതതൾ കുറവാണ്. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് യു ഡി എഫിന്റെ ഭാഗമായിരുന്ന സമയത്ത് മൽസരിച്ച എല്ലാ സീറ്റും ലഭിക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. അതെല്ലാം വിട്ടു കൊടുത്താൽ പിന്നെ മറ്റ് കേരളാ കോൺഗ്രസിനെ പരിഗണിക്കാൻ പറ്റാതാവും. കഴിഞ്ഞ തവണ മൽസരിച്ച കടുത്തുരുത്തി വേണമെന്നാണ് സ്‌കറിയാ തോമസിന്റെ കേരളാ കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ കടുത്തുരുത്തി പാലാ കഴിഞ്ഞാൽ ജോസ് കെ മാണിയുടെ പ്രധാന മണ്ഡലമാണ്. ജനതാ ദൾ നേരിടുന്ന പ്രതിസന്ധിയും ഇതാണ്. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക്ക് ജനതാദളും ജനതാദൾ എസും ലയിക്കണമെന്നായിരുന്നു സി പി എമ്മിന്റെ നിർദ്ദേശം. എന്നാൽ ലയിക്കുന്നതിന് പകരം പിളരുകയാണ് ജനതാദൾ എസിലുണ്ടായമാറ്റം. സീറ്റ് കുറയുമെന്ന തിരിച്ചറിവാണ് പിളർപ്പിന് താരണം. അങ്കമാലി, ചിറ്റൂർ, തിരുവല്ല, വടകര സീറ്റുകളിലാണ് ജനതാദൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അങ്കമാലി ഒഴികെ മൂന്നു സീറ്റുകൾ ജനതാദൾ സിറ്റിംഗ് സീറ്റാണ്. കെ കൃഷ്ണൻ കുട്ടിതന്നെയായിരിക്കും ചിറ്റൂരിൽ മൽസരത്തിനുണ്ടാവുക. തിരുവല്ലയിൽ ഇത്തവണ മാത്യു ടി തോമസ് ഉണ്ടാവുമോ എന്ന് നിശ്ചയമില്ല. അങ്കമാലിയിലും ജനതാദളിന്റെ സീറ്റാണെങ്കിലും ജോസ് തെറ്റയിലിനു പകരം മൽസരിച്ച സ്ഥാനാർത്ഥി തോറ്റതിനാൽ, സീറ്റ് പിടിക്കാൻ പൊതു സ്ഥാനാർത്ഥിയെന്ന ചർച്ചയും നടക്കുന്നുണ്ട്. സി എം പി, ജെ എസ് എസ് എന്നിവരും സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. കൊടുവള്ളി പോലുള്ള മണ്ഡലങ്ങളിൽ ലീഗ് വിമതരെയും സി പി എമ്മിന് പരിഗണിക്കേണ്ടതുണ്ട്. എൻ സി പി, കോൺഗ്രസ് എസ്, ആർ എസ് പി കോവൂർ കുഞ്ഞുമോൻ, ഐ എൻ എൽ എന്നിവർ വേറെയുമുണ്ട് മുന്നണിയുടെ ഭാഗമായി. സി പി ഐയെന്ന പ്രധാന ഘടകക്ഷിയുടെയും ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചേ പറ്റൂ. ഇതിനിടയിലാണ് കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിനെ ഇടതു മുന്നണിയിലെത്തിക്കാനുള്ള ശ്രമവുമായി യാക്കോബായ സഭയും രംഗത്തെത്തിയത്.  പിറവത്ത് നിലവിലുള്ള സാഹചര്യത്തിൽ അനൂപ് ജേക്കബ്ബിന് ജയിച്ചുകയറുക അത്ര എളുപ്പമല്ല. നൂറിലേറെ സീറ്റുകൾ ലക്ഷ്യമിട്ടാണ് എൽ ഡി എഫ് സീറ്റുചർച്ചകളിലേക്ക നീങ്ങുന്നത്. ഭരണ തുടർച്ചയെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സി പി എം. എന്നാൽ ഈ ഘടകക്ഷികളെയെല്ലാം സീറ്റു നൽകി ഒരുമിച്ച് നിർത്തുകയെന്നത് അത്ര എളുപ്പവുമല്ല. പാലാ സീറ്റിൽ തട്ടി എൻ സി പി ഉടക്കി നിൽക്കുമ്പോൾ,  അവർ പോവുകയാണെങ്കിൽ പോയ്‌ക്കോട്ടെ എന്ന  നിലപാടിലേക്ക് സി പി എമ്മിനെ എത്തിക്കുന്നതും ഘടകകക്ഷികളുടെ ബാഹുല്യമാണ്. സി പി ഐക്കും, എൻ സി പിക്കും ജനതാദളിനും കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ ഇത്തവണ ലഭിക്കില്ലെന്ന്  ഉറപ്പാണ്. കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളിക്ക് സീറ്റുണ്ടാവില്ലെന്നാണ് വിവരം. കടന്നപ്പള്ളിക്ക് നൽകിയ സീറ്റ് ഇത്തവണ ഐ എൻ എല്ലിന് നൽകേണ്ടിവരും. നേരത്തെ ഐ എൻ എൽ മൽസരിച്ച സീറ്റാണ് കണ്ണൂർ. കൂത്തുപറമ്പ് സീറ്റ് ഇത്തവണ ലോക് താന്ത്രിക്ക് ജനത ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് കൊടുക്കേണ്ടതില്ലെന്നാണ് മുന്നണിയിലുയരുന്ന ചർച്ചകൾ. പകരം പേരാവൂരിൽ ജനതാദൾ മൽസരിക്കട്ടെയെന്നും നിർദ്ദേശമുയരുന്നുണ്ട്. വടകരയിൽ ജനദാദൾ ഏത് ഗ്രൂപ്പ് മൽസരിക്കുമെന്നും വ്യക്തമല്ല. ജനതാദൾ ലയിച്ചിരുന്നുവെങ്കിൽ ഇത്രയും സീറ്റുകൾക്ക് ആവശ്യമുയരില്ല, എന്നാൽ ലയനം നടക്കാനുള്ള സാധ്യതയില്ലെന്നാണ് സൂചനകൾ. ഇടതുപക്ഷത്തിന്റെ രണ്ട് ജാഥകൾ സമാപിക്കുന്നതോടെ സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും പൂർത്തിയാക്കാനാണ് എൽ ഡി എഫിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here