തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് തീരുമാനം. മെയിന്‍-സപ്ലിമെന്ററി ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കും.

ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിഹാര നടപടിക്ക് ഒരുങ്ങുന്നത്.

പി.എസ്.സി റാങ്ക് പട്ടിക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ദിനേശന്‍ കമ്മിറ്റി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന് മുമ്പെ സര്‍ക്കാര്‍ തീരുമാനം എടുക്കുകയായിരുന്നു.

ചട്ടം അനുസരിച്ചാണ് ഒഴിവുകളുടെ അഞ്ചിരട്ടി പേരെ ഉള്‍പ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ ചട്ടം മാറ്റിയാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിഎസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു. സി.പിഒ റാങ്ക് പട്ടിക ഉള്‍പ്പെടെ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകള്‍ പുനരുജ്ജീവിപ്പിക്കാനാകില്ലെന്നും പിഎസ്.സി ചെയര്‍മാന്‍ വ്യക്തമാക്കി.

തലസ്ഥാനത്ത് ഉദ്യോഗാര്‍ഥികളുടെ സമരം തുടരവേ കൂടുതല്‍ നിയമനങ്ങള്‍ക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജനകാര്യ ഡയറക്ടറേറ്റില്‍ നിയമിക്കും. കോഴിക്കോട് ജില്ലയില്‍ കെഎപി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പോലീസ് ബറ്റാലിയന്‍ രൂപീകരിച്ച് 25 വനിതകള്‍ ഉള്‍പ്പെടെ 100 പേരെ നിയമിക്കും. എയ്ഡഡ് കോളേജുകളില്‍ 44 തസ്തികകളടക്കം വിവിധ വകുപ്പുകളിലായി 150ഓളം തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here