തൃശൂര്‍: പ്രമുഖ ബാലസാഹിത്യകാരി സുമംഗല (ലീല നമ്പൂതിരിപ്പാട് -87) അന്തരിച്ചു. വടക്കാഞ്ചേരി കുമരനെല്ലൂരിലെ വീട്ടില്‍ ഇന്നലെ വൈകിട്ട് 6.15 നായിരുന്നു മരണം.

1934 മേയ് 16 ന് സംസ്‌കൃത പണ്ഡിതരായ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട്, ഉമാ അന്തര്‍ജനം എന്നിവരുടെ മൂത്ത മകളായി വെള്ളിനേഴിയിലാണ് ജനനം. ആകെ രചിച്ച 37 പുസ്തകങ്ങളില്‍ 23 എണ്ണവും ബാലസാഹിത്യമാണ്.

മിഠായിപ്പൊതി, നെയ്പായസം, മഞ്ചാടിക്കുരു, കുറിഞ്ഞിയും കൂട്ടുകാരും, നാടോടി ചൊല്‍ക്കഥകള്‍- പ്രധാന കൃതികള്‍. പഞ്ചതന്ത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. സംസ്‌കൃതത്തില്‍നിന്ന് വാല്‍മീകി രാമായണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.

1979 ല്‍ കുട്ടികളുടെ സാഹിത്യത്തിലെ ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1999 ല്‍ ബാലസാഹിത്യത്തിനുള്ള ആജീവനാന്ത സംഭാവനയ്ക്കുള്ള ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ക്ക് സുമംഗല അര്‍ഹയായി. ചെണ്ട എന്ന മലയാള ചലച്ചിത്രത്തിന് വേണ്ടി ഗാനരചനയും നിര്‍വഹിച്ചു.

ദേശമംഗലം അഷ്ടമൂര്‍ത്തി നമ്പുതിരിപ്പാടാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ഉഷ, നാരായണന്‍, അഷ്ടമൂര്‍ത്തി. മരുമക്കള്‍: ഡോ. നീലകണ്ഠന്‍, ഉഷ, ഗൗരി. സംസ്‌കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here