സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്ക് ശേഷം സിപിഐയിലെ കെ രാജനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി കേരളാ കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഘടകക്ഷി നേതാക്കളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മറ്റു മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആൻറണി രാജു, വി അബ്ദുറഹിമാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ആർ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദൻ, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ ഉച്ചയ്ക്ക് 2.45ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. നവകേരള ഗീതാഞ്ജലിയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. 3.30 ഓടെ ഗവർണർ വേദിയിലേക്ക് എത്തി, തൊട്ടുപിന്നാലെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം  ഗവർണറുടെ ഭവനമായ രാജ് ഭവനിൽ ചായ സൽക്കാരവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here