കുംഭചൂടിൽ കേരളം ഉരുകുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണ വേനൽ ചൂടിനെക്കാളും നാല് ഡിഗ്രിവരെ ചൂട് കൂടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 39 ഡിഗ്രി പാലക്കാട് രേഖപ്പെടുത്തി. എൽ നിനോയുടെ പ്രഭാവം കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങിയതായി കാലാവസ്ഥാ ശാസ്ത്രഞ്ഞരുടെ മുന്നറിയിപ്പ്.

സാധാരണ ഫെബ്രുവരി അവസാന ആഴ്ചയിൽ 33 ഡിഗ്രി ചൂടാണ് മിക്ക ജില്ലകളിലും അനുഭവപ്പെടുക. പാലക്കാട് പോലെ ചിലയിടങ്ങളിൽ ഇത് 35 വരെ ഉയരാറുണ്ട്.എന്നാൽ ഈവർഷം താപനില 35 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും 35 ഡിഗ്രിയാണ് ഉയർന്നതാപനില, കൊല്ലത്തും കണ്ണൂരും ഇത് 36, പാലക്കാടെ താപനില ബുധനാഴ്ച 39 ലേക്ക് ഉയർന്നു. അന്തരീക്ഷത്തിലെ ഈർപ്പം വളരെ കുറഞ്ഞതും വരണ്ട കടൽകാറ്റ് വീശുന്നതും താപനില ഇനിയും ഉയർത്തിയേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

രാത്രിതാപനിലയിലും മൂന്ന് ഡിഗ്രിവരെ വർദ്ധനയുണ്ട്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങി എന്നാണ് വിലയിരുത്തൽ. ചൂട് ഉയരുന്നത് കണക്കിലെടുത്ത് തൊഴില്‍ സമയം മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്. മാർച്ചിൽ ചൂട് കൂടുമെന്നും പുറം പണികളെടുക്കുന്നവർ സൂര്യതാപം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും കാലാവസ്ഥാ ശാസ്ത്രജ്ഞർ നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here