സ്വന്തം ലേഖകൻ

കെ സുധാകരൻ കണ്ണുരിൽ നിന്നും തലസ്ഥാനത്തേക്ക് വണ്ടി കയറുമ്പോൾ പലരും പറഞ്ഞ ഒരു കാര്യം കേരളമിതാ കണ്ണൂരാകാൻ പോകുന്നുവെന്നാണ്. കണ്ണുരുകാരനായ മുഖ്യമന്ത്രിയെ നേരിടാൻ കോലത്തുനാട്ടിലെ അടി തടവ് പഠിച്ച കരുത്തനായ നേതാവിനെ കോൺഗ്രസ് കളത്തിലിറക്കിയതിനു പിന്നിൽ ഒരു കാരണവും ഇതുതന്നെയായിരുന്നു. മുള്ളിനെ മുള്ളു കൊണ്ടെടുക്കുമ്പോൾ മുറിവുകൾ പറ്റുമെന്ന് അറിഞ്ഞിട്ടു തന്നെയായിരുന്നു ഹൈക്കമാൻഡിന്റെ ഈ കടുംകൈ . അതുവരെ സുധാകരൻ കെ.പി.സി.സി വർക്കിങ് പ്രസിഡന്റെന്ന നിലയിൽ അങ്ങുമിങ്ങും ഓടി നടന്നു പൊട്ടിച്ച കതിനാ വെടികൾ പോലെയുള്ള ആരോപണങ്ങൾക്ക് ചെവികൊടുക്കാതിരുന്ന മുഖ്യമന്ത്രി ഒടുവിൽ സുധാകരൻ കുഴിച്ച കുഴിയിൽ തന്നെ വീണു കൊടുത്തു.

ഇരട്ടക്കുഴൽ തോക്ക് പോലുള്ള നാക്ക്

സുധാകരന്റെ ഇരട്ടക്കുഴൽ തോക്ക് പോലുള്ള നാക്കിൽ നിന്നുമുയരുന്ന വെടിയുണ്ടകൾ പോലെയുള്ള വാക്കുകളാണ് അണികൾക്കിടെയിൽ അദ്ദേഹത്തെ ആരാധ്യനാക്കുന്നത്. വെടി കൊണ്ടവർ എതിർ പാർട്ടിക്കാർ മാത്രമല്ല സ്വന്തം പാർട്ടിയിലും ധാരാളം പേരുണ്ട്. ഒരു പരിധി കഴിഞ്ഞപ്പോൾ സുധാകരന് മറുപടി പറയേണ്ടയെന്ന് സിപിഎം നേതാക്കൾ തീരുമാനിച്ചതുമാണ്. തങ്ങൾ എതിർത്തും ഉൻമുലനം ചെയ്യാൻ ശ്രമിച്ചിട്ടും കഴിയാതിരുന്ന സുധാകരൻ സിപിഎമ്മിന്റെ തട്ടകമായ കണ്ണുരിൽ നിന്നു തന്നെയാണ് പന പോലെ വളർത്തത്. ഒടുവിൽ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മുകാരുടെ വോട്ടു വാങ്ങി ജയിക്കുന്ന അവസ്ഥയിലുമെത്തി.

പിണറായി നേരത്തെ തിരിച്ചറിഞ്ഞിരുന്നു

ഈ സത്യം മറ്റാരും തിരിച്ചറിയുന്നില്ലെങ്കിലും മുഖ്യമന്ത്രിയാകും മുൻപേ പിണറായി തിരിച്ചറിഞ്ഞു. തന്നെ വ്യക്തിപരമായി അക്രമിച്ചാൽ പോലും സുധാകരനെ ഗൗനിക്കാതെ വിട്ടു കളയുന്ന ശൈലിയാണ് പിണറായി സ്വീകരിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയിൽ പിണറായിയിക്കെതിരെ  സുധാകരൻ എന്തെല്ലാം പറഞ്ഞാലും  മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പേരെരടുത്ത് പറഞ്ഞ് വിമർശിച്ചിരുന്നില്ല. കേരളത്തിലെ കമ്മ്യുണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഐക്കണായി കെ സുധാകരൻ മാറുന്നത് ഒഴിവാക്കുകയെന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തന്ത്രം. അതുകൊണ്ടു തന്നെ കോടിയേരി ഉൾപ്പെടെയുള്ള മുൻനിര നേതാക്കളാരും സുധാകരന്റെ പ്രസ്താവനയെ ചിരിച്ചു തള്ളിയിരുന്ന കാലമായിരുന്നു അത്.

എന്നാൽ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോഴും വിമർശനമുന്നയിക്കാതെ അതു കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നു പറഞ്ഞൊഴിഞ്ഞ മുഖ്യമന്ത്രി പ്രകോപിതനായത് കേവലം ഒരു വാരികയിൽ വന്ന അഭിമുഖത്തിൽ സുധാകരൻ നടത്തിയ പ്രതികൂല പരാമർശങ്ങൾ കൊണ്ടു മാത്രമല്ല. പരസ്യ ഏറ്റുമുട്ടലിന് തങ്ങൾ തയ്യാറാണെന്ന യുദ്ധ പ്രഖ്യാപനത്തിന്റെ വിളംബരമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതോടെ കണ്ണൂർ രാഷ്ട്രീയത്തിലെ പോയകാലത്തെ വീറും വാശിയും സംസ്ഥാന രാഷ്ട്രീയത്തിലും സന്നിവേശിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

കെ സുധാകരനെതിരെ എപ്പോഴെക്കെ ഏറ്റുമുട്ടൽ നടത്തിയിട്ടുണ്ടോ അപ്പോഴെക്കെ സിപിഎമ്മിന് ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ നടത്തുന്ന യുദ്ധപ്രഖ്യാപനത്തിന്റെ യഥാർത്ഥ ഗുണഭോക്താവ് കെ സുധാകരൻ തന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മുഖ്യമന്ത്രിക്കെതിരെ താൻ നടത്തിയ പരാമർശങ്ങളിൽ അതിതീഷ്ണമായ പ്രതികരണം വന്നതോടെ നേരത്തെ കണ്ണൂർ രാഷ്ട്രീയത്തിൽ അരങ്ങേറിയുപോലെ അടിക്ക് തിരിച്ചടിയെന്ന തനിയാവർത്തനമുണ്ടാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. കണ്ണൂരിൽ സംഘടനാപരമായി ശക്തമായിരുന്ന കോൺഗ്രസിന്റെ അടിത്തറ തന്നെ ഇളക്കിയത് സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് സിപിഎമ്മിന് അതേ നാണയത്തിൽ തിരിച്ചടി നൽകാനിറങ്ങിയതോടെയാണ് എന്ന അഭിപ്രായമുള്ളവരുണ്ട്.

ഇതുകാരണം ജില്ലയിലെ സ്വാധീനപ്രദേശങ്ങളിൽ കോൺഗ്രസിന് പ്രവർത്തിക്കാൻ പോലും ആളുകളെ കിട്ടതായെന്നും ആരോപണമുണ്ട്.  എൺപതു ശതമാനം പാർട്ടി ഓഫിസുകളും തകർത്തു തരിപ്പണമാക്കി. കള്ളക്കേസും കായിക ആക്രമണവും പ്രവർത്തകരുടെ ആത്മ വിശ്വസത്തെ തകർത്തു. പാർട്ടി ബൂത്ത് തലങ്ങളിൽപ്പോലും നിർജ്ജീവമായി. ഏതു സ്ഥാനാർത്ഥി നിന്നാലും ജനങ്ങൾ കണ്ണൂം പൂട്ടി ജയിച്ചിരുന്ന കണ്ണൂർ മണ്ഡലടക്കം ഡിസിസി അധ്യക്ഷൻ സ്ഥാനാർത്ഥിയായിട്ടും തോറ്റു തുന്നംപാടി. ഈ സാഹചര്യത്തിലാണ് കണ്ണൂർ ഫോർമുല തന്നെ സംസ്ഥാന രാ്ഷ്ട്രീയത്തിലും സന്നിവേശിപ്പിക്കാൻ സുധാകരൻ ഒരുങ്ങുന്നത്. ഇതെത്രമാത്രം കോാൺഗ്രസിന് ഇനി താങ്ങാൻ കഴിയുമെന്ന കാര്യം സംശയമാണ്.

പട്ടിയെ പേപ്പട്ടിയായി ചിത്രീകരിക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്യുന്ന ശൈലിയാണ് പരമ്പരാഗതമായി കണ്ണൂർ രാഷ്ട്രീയം വെച്ചു പുലർത്തുന്നത്. കഥകളും ഉപകഥകളുമായി ഒരാൾ വില്ലൻ വേഷത്തിൽ ചിത്രീകരിക്കപ്പെട്ടാൽ പിന്നീട് അക്രമം തുടങ്ങുകയായി. ഇതേ പോലെ അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തയാളുടെ തലയ്ക്കു മുകളിൽ ഇത്തരം പുകമറകളുണ്ടാവും. തലശേരിയെ പിടിച്ചുകുലുക്കിയ വർഗീയ കലാപം ആളിക്കത്തിക്കുന്നതിൽ ഇത്തരം അഭ്യൂഹങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് വിതയത്തിൽ കമ്മിഷൻ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഒരാളെ അക്രമിക്കുന്നതിന് മാത്രമല്ല വ്യക്തിഹത്യ ചെയ്യുന്നതിനും പിന്നീട് അയാളുടെ രാഷ്ട്രീയ ജീവിതം പൊതുസമൂഹത്തിൽ നിന്നും റദ്ദു ചെയ്യുന്നതിനും ഇത്തരം വ്യാജപ്രചാരണങ്ങൾ ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ജീവിക്കുന്ന ഒരുപാട് രക്തസാക്ഷികൾ കണ്ണൂരിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്.

ഇപ്പോൾ തന്നെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടുവെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ജീവിച്ചിരിക്കാത്ത ഒരാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്. ഡിസിസി പ്രസിഡന്റായ കാലത്ത് കെ സുധാകരന്റെ അടുപ്പക്കാരനും ഫണ്ട് റെയ്സറും കോൺഗ്രസ് നേതാവുമാണ് ഇയാൾ തന്റെ വീട്ടിൽ വന്നു ഇക്കാര്യം പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ അക്കാലത്ത് ഇങ്ങനെയൊരു സംഭവം നടന്നകാര്യങ്ങൾ പിണറായിയോട് തോളോടു തോൾ ചേർന്നു പ്രവർത്തിക്കുന്ന അന്നത്തെ സിപിഎം നേതാക്കളാരും പറഞ്ഞുകേട്ടിട്ടില്ല. അന്നു തന്നെ എംഎൽഎയും പിന്നീട് മന്ത്രിയുമായ സിപിഎം ഉന്നത നേതാവാണ് പിണറായി. അതൊക്കെ മാറ്റിവെച്ചാൽ തന്നെ മക്കൾക്ക് നേരെ ഭീഷണിയുണ്ടായാൽ പിതാവെന്ന നിലയിൽ പോലീസിൽ പരാതിപ്പെടാനുള്ള ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ടായിരുന്നു.

എന്നാൽ അതു ചെയ്തില്ലെന്നു മാത്രമല്ല ഭരണഘടനാപദവിയുള്ള സ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനു സമാനമായ സംഭവം തന്നെയാണ് കെ സുധാകരനും ഉന്നയിച്ചിട്ടുള്ളത്. കെ എസ്യു നേതാവായിരുന്ന കാലത്ത് നടന്ന വിദ്യാർത്ഥി സംഘർഷത്തിനെ തുടർന്ന് പിണറായിയെ താൻ ചവുട്ടി വീഴ്ത്തിയെന്ന സുധാകരന്റെ അവകാശ വാദം തള്ളിക്കൊണ്ടു അക്കാലത്ത് ബ്രണ്ണനിലെ കെഎസ്യു നേതാക്കളിൽ പ്രമുഖനായ മമ്പറം ദിവാകരൻ തന്നെ നിഷേധിക്കുന്നുണ്ട്.

അങ്ങനെയൊരു സംഭവം നടന്നതായി തനിക്കറിയില്ലെന്നാണ് ദിവാകരൻ ചാനൽ ചർച്ചകളിൽ തുറന്നു പറയുന്നത്. മാത്രമല്ല അന്ന് സുധാകരൻ കെഎസ്യു നേതാവല്ല സംഘടനാകോൺഗ്രസുകാരനാണെന്നും ദിവാകരൻ പറയുന്നു. അന്ന് ബ്രണ്ണനിൽ ഏറ്റുമുട്ടിയിരുന്നത് കെഎസ്യു വിന് നേതൃത്വം നൽകുന്ന താനും ഇടതുവിദ്യാർത്ഥി സംഘടനയുടെ നേതാവായ മുൻമന്ത്രി എകെ ബാലനുമായിട്ടായിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തൽ.

വീണ്ടും കലുഷിതമാകുമോ കണ്ണൂർ ?

നേരത്തെ കോൺഗ്രസ് – സിപിഎം ഏറ്റുമുട്ടൽ തുടർച്ചയായി നടന്ന കണ്ണൂരിൽ സുധാകരന്റെ പുതിയ നീക്കങ്ങൾ വീണ്ടും രാഷ്ട്രീയ അക്രമത്തിനിടയാക്കുമോയെന്ന ആശങ്ക ശക്തമാണ്. സുധാകരനെതിരെ തുറന്ന ഏറ്റുമുട്ടലിന് മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങിയതോടെ പൊതുവേ ശാന്തമായ കണ്ണൂരിൽ അക്രമത്തിന്റെ അലയൊലികൾ വീണ്ടും മുഴങ്ങുമോയെന്ന ആശങ്കയുയർന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ സംഘടനാ സംവിധാനം ഭാഗികമായി തകർന്ന അവസ്ഥയിലാണ് കോൺഗ്രസ്. അധികാര തർക്കവും ഗ്രൂപ്പു പ്രവർത്തനവും ജില്ലയിലെ കോൺഗ്രസിനെ ഛിന്നഭിന്നമാക്കിയിട്ടുണ്ട്. ആഭ്യന്തര തർക്കങ്ങളിലും വൻതോൽവിയുടെ കയത്തിലുംപ്പെട്ട് ബിജെപി നിഷ്പ്രഭമായി നിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ രാഷ്ട്രീയ ഏറ്റുമുട്ടലിന് ഇനി ബാല്യമില്ലെന്ന തിരിച്ചറിവ് സംഘപരിവാറിനുണ്ട്. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ലഭിച്ച പുത്തനുണർവ്വ് കോൺഗ്രസിൽ പ്രകടമാണെങ്കിലും അതു സിപിഎമ്മിനെതിരെയുള്ള പ്രതിരോധത്തിലേക്ക് എത്തിയാൽ കണ്ണൂർ വീണ്ടും അശാന്തമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here