കൊച്ചി: തമിഴ്‌നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 3500 കോടി രൂപയുടെ പദ്ധതി കേരളത്തില്‍ ഉപേക്ഷിക്കുന്നതായി കിറ്റക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ ഈ ക്ഷണം വന്നിരിക്കുന്നത്. 
 
സ്ഥാപനത്തില്‍ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് കിറ്റക്‌സ് പിന്മാറിയത്.
 
 സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങളും കിറ്റക്‌സ് ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്. 
 
തമിഴ്‌നാട് വ്യവസായ മന്ത്രിയുടെ വൈസ് പ്രസിഡന്റ് ഇതുസംബന്ധിച്ച് കിറ്റക്‌സിന് കത്തയച്ചു. തമിഴ്‌നാട്ടില്‍ വ്യവസായം തുടങ്ങാന്‍ ക്ഷണിക്കുന്നു എന്നാണ് കത്തിന്റെ ഉളളടക്കം. സബ്‌സിഡി, പലിശിയിളവ്, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറുശതമാനം ഇളവ് തുടങ്ങി എട്ടോളം ആനുകൂല്യങ്ങളാണ് വാദ്ഗാനം ചെയ്തിട്ടുളളതെന്ന് കിറ്റക്‌സ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കിറ്റക്‌സ് അന്തിമതീരുമാനമെടുത്തിട്ടില്ല. 
 
3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ആരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി. വ്യവസായങ്ങള്‍ക്ക് ഒരു രൂപയുടെ ആനുകൂല്യം കൊടുക്കുന്നില്ലെന്ന് മാത്രമല്ല പരമാവധി ഏത് രീതിയില്‍ ഉപദ്രവിക്കാമോ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
‘തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക കത്താണ് കിറ്റക്‌സിന് ലഭിച്ചിരിക്കുന്നത്. കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നിക്ഷേപത്തിന്റെ 40 ശതമാനം തമിഴ്‌നാട് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും എന്നുളളതാണ്. 100 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ്, ഇതിന് പുറമേ പത്തുവര്‍ഷത്തേക്ക് തൊഴിലാളികളുടെ ശമ്പളത്തിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കൊടുക്കും എന്ന് പറയുന്നു. ഇതില്‍ ഉപരിയായിട്ട് പ്രത്യേകമായി വല്ല ആവശ്യമുണ്ടെങ്കില്‍ ചോദിക്കാമെന്നും അതിനായി അവര്‍ പ്രത്യേക പാക്കേജ് വര്‍ക്ക് ചെയ്യാമെന്നും പറയുന്നു. 
 
നമ്മുടെ സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് ഒരു രൂപയുടെ ആനുകൂല്യം കൊടുക്കുന്നില്ല. പരമാവധി ഏത് രീതിയില്‍ ഉപദ്രവിക്കാമോ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ അയല്‍സംസ്ഥാനം വാരിക്കോരി നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പഠിച്ചു മനസ്സിലാക്കിയതിന് ശേഷം ഞാന്‍ വിളിക്കാംഎന്നാണ് പറഞ്ഞിരിക്കുന്നത്.
 
കേരളം ചിന്തിക്കേണ്ട സമയമാണിത്. ഉളള വ്യവസായങ്ങളെ തന്നെ എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ പത്തിരുപത് വര്‍ഷം കൂടി പിന്നിടുമ്പോള്‍ ഒരു വ്യവസായം പോലും കേരളത്തിലില്ലാത്ത സ്ഥിതി വരും. ഇന്ന് രാജ്യത്തെ വ്യവസായ രംഗത്ത് 28-ാം സ്ഥാനത്താണ് കേരളം. നമ്മുടെ പിന്നിലുളളത് ത്രിപുര മാത്രമാണ്. എന്നിട്ടും കാര്യങ്ങള്‍ മനസ്സിലാക്കാതെ ധാര്‍ഷ്ട്യത്തോടെ പ്രവര്‍ത്തിക്കുകയാണ്.’ – സാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here