സ്വന്തം ലേഖകൻ

കോഴിക്കോട് : പി എസ് എസി മെമ്പർ സ്ഥാനത്തിന് പാർട്ടി നേതൃത്വം കോഴവാങ്ങിയെന്ന ആരോപണം ഐ എൻ എല്ലിനെ പിടിച്ചുകുലുക്കുന്നു. ഇടത് മുന്നണിയിലേക്ക് ആദ്യമായി പ്രവേശനം കിട്ടിയതിനെ തുടർന്നാണ് ഐ എൻ എല്ലിന് പി എസ് സി മെമ്പർസ്ഥാനം അനുവദിച്ചത്. പാർട്ടി നേതൃത്വം നാൽപത് ലക്ഷം രൂപയ്ക്ക് ഈ സ്ഥാനം വിൽപ്പന നടത്തിയെന്ന വെളിപ്പെടുത്തലാണ് മുന്നണിയെതന്നെ വെട്ടിലാക്കിയിരിക്കുന്നത്.
ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ സി മുഹമ്മദാണ് ആരോപണവുമായി രംഗത്തെത്തിയത്. പാർട്ടി പ്രതിരോധത്തിലായതോടെ ഇ സി മുഹമ്മദിനെ ഐ എൻ എല്ലിൽ നിന്നും പുറത്താക്കി.
മന്ത്രി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം വി ഇരിക്കൂർ അടക്കമുള്ള നേതാക്കൾ നേരിട്ടാണ് പണം വാങ്ങിയതെന്നും, 20 ലക്ഷം ആദ്യഘഡുമായി നൽകിയെന്നുമായിരുന്നു ആരോപണം.
ഇ സി മുഹമ്മദിന്റെ ആരോപണങ്ങൾ തള്ളി ഐ എൻ എൽ നേതാക്കൾ രംഗത്തെത്തിയെങ്കിലും മുഹമ്മദ് ആരോപണത്തിൽ ഉറച്ചുനിൽക്കുന്നത് ഐ എൻ എല്ലിനെ ആശങ്കയിലാക്കിയിരിക്കയാണ്.
ഐ എൻ എൽ രൂപീകൃതമായി 27 വർഷം പിന്നിടുമ്പോഴാണ് സംസ്ഥാന മന്ത്രിസഭയിൽ പാർട്ടിക്ക് ഒരിടം കണ്ടെത്താനായത്. രണ്ടര വർഷം മന്ത്രിസഭയിൽ ഇടം ലഭിച്ചതിന് പിന്നാലെയാണ് പി എസ് സി മെമ്പർ സ്ഥാനവും ഐ എൻ എല്ലിന് ലഭിച്ചത്.

പാർട്ടിക്ക് ഫണ്ട് കണ്ടെത്താനുള്ള മാർഗമായി പി എസ് സി മെമ്പർ സ്ഥാനം മാറ്റിയെന്നും, അർഹരായ നിരവധി പേരുണ്ടായിട്ടും നാല്പ്പത് ലക്ഷം രൂപ നൽകാൻ തയ്യാറായ വ്യക്തിക്ക് അംഗത്വം നൽകുകയായിരുന്നു വെന്നാണ് വിമത പക്ഷത്തിന്റെ ആരോപണം.


പി എസ് സി വിവാദം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഐ എൻ എൽ നേതാക്കളോട് വിവരം ആരാഞ്ഞിരിക്കയാണ്. മന്ത്രി അഹമ്മദ് ദേവർ കോവിലിനോട് നേരിട്ട് കാണാനായി ആവശ്യപെട്ടിരിക്കയാണ്.
പി ടി എ റഹിമിന്റെ നേതൃത്വത്തിൽ ഐ എൻ എല്ലിൽ എത്തിയ സെക്യുലർ കോൺഫ്രൻസും ഐ എൻ എല്ലിലെ ഒരു വിഭാഗവും പാർട്ടി വിടുമെന്ന സൂചന കൂടി നൽകിയതോടെ ഇടമുന്നണിയിലെ ഘടകകക്ഷിയായ  ഐ എൻ എൽ പിളർപ്പിന്റെ വക്കിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here