കേരള കോൺഗ്രസ് വിട്ടവരെ സ്വാഗതം ചെയ്ത്‌‌‌ സിപിഎം. ഇവരോടുള്ള സമീപനം എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. വിമതവിഭാഗം ഒപ്പമെത്തുമ്പോൾ മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മാണിക്കൊപ്പം നിന്നാൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പരിഗണന വിമതരും ലക്ഷ്യമിടുന്നു. ആവശ്യപ്പെടുന്ന ആറുസീറ്റിൽ നാലെണ്ണം ലഭിച്ചാലും ഫ്രാൻസിസ് ജോർജിനും കൂട്ടർക്കും ലാഭം തന്നെ.

പി.ജെ.ജോസഫ് വിട്ടുപോയതോടെ, ക്രൈസ്തവ സ്വാധീന മേഖലകളിൽ ഇടതുമുന്നണി വേരറ്റ നിലയിലായിരുന്നു. ഒപ്പംനിന്ന പി.സി.തോമസിനോ, സ്കറിയാ തോമസിനോ ആ നഷ്ടം നികത്താൻ കഴിഞ്ഞിരുന്നില്ല. ഈ ഒഴിവിലേക്കാണ് ഫ്രാൻസിസ് ജോർജും സംഘവും ഇടതുമുന്നണിയുടെ പടികടന്നെത്തുന്നത്. മധ്യതിരുവിതാംകൂറിൽ സ്വാധീനമുള്ള കൂട്ടാളി, പൊതുവിൽ അകന്നുനിൽക്കുന്ന ക്രൈസ്തവർക്കിടയിലേക്കുള്ള പാലം ഇതുരണ്ടുമാണ് കേരളാകോൺഗ്രസ് എം വിമതരിലൂടെ ലഭിക്കുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. എന്നാൽ ഘടകകക്ഷിയായി ഒരു കേരളാ കോൺഗ്രസിനെ മാത്രമേ സി.പി.എം ആഗ്രഹിക്കുന്നുള്ളൂ.

ലയനവിരുദ്ധവിഭാഗം രണ്ടാവുകയും പി.സി.തോമസ് വിഭാഗം വിട്ടുപോവുകയും ചെയ്തതോടെ സ്കറിയാ തോമസും കൂട്ടരുമാണ് ഇപ്പോൾ ഒപ്പമുള്ളത്. കൂടുതൽ ശക്തരായ ഫ്രാൻസിസ് ജോർജ് വിഭാഗം എത്തുന്നതോടെ നിലവിലുള്ളവരോട് അവർക്കൊപ്പം ചേരാനാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. 2011ൽ തിരുവനന്തപുരം, കോതമംഗലം, കടുത്തുരുത്തി സീറ്റുകളായിരുന്നു ലയനവിരുദ്ധ വിഭാഗത്തിന് നൽകിയിരുന്നത്. പുതിയ സാഹചര്യത്തിൽ തിരുവനന്തപുരം, ചങ്ങനാശേരി, കോതമംഗലം, ഇടുക്കി സീറ്റുകൾ ഫ്രാൻസിസ് ജോർജ് വിഭാഗത്തിന് വിട്ടുനൽകാൻ ഇടതുമുന്നണി തയാറായേക്കും.

സ്കറിയാ തോമസും ഒപ്പമുണ്ടെങ്കിൽ രണ്ടുസീറ്റുകൾ കൂടി പ്രതീക്ഷിക്കാം. ജോസഫ് ഗ്രൂപ്പ് വിട്ടുപോകുമ്പോൾ മുന്നണിക്കുള്ളിൽ ലഭിച്ചിരുന്ന പരിഗണനയാണ് ഫ്രാൻസിസ് ജോർജും സംഘവും ആഗ്രഹിക്കുന്നത്. അതുനൽകുന്നതിൽ ഇടതുപക്ഷത്തിന് എതിർപ്പുണ്ടാവുകയുമില്ല. ഇരുകൂട്ടർക്കും നഷ്ടം വരാത്ത ഒരു ബാന്ധവത്തിനാണ് ഇടതുപക്ഷവും കേരളാ കോൺഗ്രസ് വിമതരും കൈകോർക്കുന്നതെന്ന് ചുരുക്കം

LEAVE A REPLY

Please enter your comment!
Please enter your name here