കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആദായ നികുതി വകുപ്പും സിബിഐയും അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 106 സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.
എ വിജയരാഘവനും എസി മൊയ്തീനും തട്ടിപ്പിൽ പങ്കുണ്ട്. പ്രഫസർ ബിന്ദു മത്സരിച്ച മണ്ഡലത്തിൽ തട്ടിച്ച പണം പ്രചാരണത്തിന് ഉപയോഗിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത് സിപിഎം നേതാക്കളെ രക്ഷിക്കാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.
കൊടകര കേസിൽ പ്രതിസന്ധിയിലായ ബിജെപി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ആയുധമാക്കാനാണ് ശ്രമിക്കുന്നത്. എൺപത് ശതമാനത്തിൽ അധികം രൂപ സഹകരണ ബാങ്കിലുള്ളവർ തട്ടിയെടുത്തെന്നും സിപിഎം നേതാക്കളാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു. വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്താണെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു.
കേസിൽ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം നാടകമാണെന്നും സിപിഎം നേതാക്കളെ രക്ഷിക്കാനാണ് ശ്രമം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കരുവന്നൂരിന് സമാനമായ രീതിയിൽ 106 ബാങ്കുകളിൽ തട്ടിപ്പ് നടന്നുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. തെരഞ്ഞെടുപ്പിൽ ഈ പണം ഉപയോഗിച്ചെന്നും അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here