സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ നിന്നു ജനവിധി തേടിയേക്കും. സ്ഥാനാർഥി നിർണയത്തിനായി ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ധർമടത്തേക്കു പിണറായിയുടെ പേര് മാത്രമാണ് നിർദേശിച്ചത്. ധർമടത്തെ സിറ്റിങ് എംഎൽഎയായ കെ.കെ. നാരായണനെ ഒഴിവാക്കിയാണു സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക.

പിണറായി വിജയന്റെ വീടുൾപ്പെടുന്ന ധർമടം മണ്ഡലം 2011 ലെ മണ്ഡല പുനർനിർണയത്തിലാണ് രൂപം കൊണ്ടത്. പഴയ എടക്കാട്, തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളുടെ ഭാഗങ്ങൾ ചേർത്തു രൂപം കൊടുത്ത ധർമടത്തു കഴിഞ്ഞ തവണ സിപിഎം സ്ഥാനാർഥി 15,612 വോട്ടുകൾക്കാണ് വിജയിച്ചത്. 1996ൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്നാണു പിണറായി വിജയൻ അവസാനമായി നിയമസഭയിലേക്ക് മൽസരിച്ചത്.

സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിൽ നിന്നു പിണറായി വിജയൻ വീണ്ടും മൽസരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ജൻമനാട്ടിൽ ജനവിധി തേടണമെന്നായിരുന്നു പിണറായിയുടെ മനസ്സറിയുന്ന കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശം. ധർമടവും തലശേരിയുമൊഴികെ ജില്ലയിലെ സിപിഎമ്മിന്റെ നാലു മണ്ഡലങ്ങളിലും സിറ്റിങ് എംഎൽഎമാരുടെ പേരു തന്നെയാണ് നിർദേശിച്ചിട്ടുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സിറ്റിങ് മണ്ഡലമായ തലശേരിയിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീറിനെ മൽസരിപ്പിക്കാനാണു തീരുമാനം.

കഴിഞ്ഞ തവണ സിപിഎം മൽസരിച്ച അഴീക്കോട് സീറ്റിൽ സ്ഥാനാർഥിയെ നിർദേശിച്ചിട്ടില്ല. ഈ സീറ്റിൽ എം.വി. രാഘവന്റെ മകൻ എം.വി. നികേഷ്കുമാറിനെ സ്ഥാനാർഥിയാക്കുന്ന കാര്യം സിപിഎം പരിഗണിക്കുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. ശൈലജയുടെ പേര് യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പേരാവൂർ മണ്ഡലത്തിലേക്കാണു നിർദേശിച്ചിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണനും കെ.കെ. നാരായണനും ഒഴികെ സിപിഎമ്മിന്റെ നാലു സിറ്റിങ് എംഎൽഎമാരും സ്ഥാനാർഥി പട്ടികയിലുണ്ട്.

ഘടകകക്ഷികളുടെ സീറ്റായ കണ്ണൂർ (കോൺഗ്രസ് എസ്), ഇരിക്കൂർ (സിപിഐ), കൂത്തുപറമ്പ് (ഐഎൻഎൽ) എന്നീ മണ്ഡലങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തിട്ടില്ല. കൂത്തുപറമ്പ്, കണ്ണൂർ സീറ്റുകൾ ഏറ്റെടുക്കാൻ സിപിഎം ആലോചിക്കുന്നുണ്ടെങ്കിലും ഇതു സംസ്ഥാനതലത്തിലാണു തീരുമാനമെടുക്കേണ്ടത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സമർപ്പിച്ച പട്ടിക 11, 12 തീയതികളിൽ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here