പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ആഗസ്ത് 14ന് പുറത്തിറങ്ങുന്ന ‘ഇന്ത്യ- എന്റെ പ്രണയ വിസ്മയം’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിധീഷ് നടേരി രചിച്ച ദേശീയോദ്ഗ്രഥന ഗാനം റിലീസ് ചെയ്തു. ഗോപിനാഥ് മുതുകാടിന്റെ ഒഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഷൈല തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്തത്.

രാജ്യസ്‌നേഹം നിറഞ്ഞു തുളുമ്പുന്ന വരികള്‍ക്ക് സംഗീതം നല്‍കി അതിമനോഹരമായി ആലപിച്ചിരിക്കുന്നത് വിശ്വജിത്താണ്. ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത യാത്രകളുടെ ദൃശ്യങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതാണ് ഗാനം. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തതിന്റെ മനോഹരമായ ഓര്‍മ്മക്കുറിപ്പുകളാണ് ‘ഇന്ത്യ- എന്റെ പ്രണയ വിസ്മയത്തില്‍ മുതുകാട് കുറിച്ചിരിക്കുന്നത്. ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

ഇന്ത്യയെ അറിയണമെങ്കില്‍ അതിന്റെ സിരകളിലൂടെ അലഞ്ഞുതിരിഞ്ഞു യാത്രചെയ്യണമെന്ന് മുതുകാട് പറയുന്നു. ഭൂപടത്തിലെ നിറമുള്ള രേഖകളല്ല ഇന്ത്യ. കള്ളികളിലോ കണക്കുകളിലോ ഒതുക്കാവുന്ന നിസ്സാരതകളുമല്ല ഇന്ത്യ. ഇന്ത്യ, ഒരു ഇന്ദ്രജാലമാണ്. വൈവിധ്യങ്ങളാല്‍ വിസ്മയം തീര്‍ക്കുന്ന ഭാരതഭൂമി. ആഗസ്ത് 14 ന് പുറത്തിറങ്ങുന്ന ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’ എന്ന പുസ്തകത്തിലെ ഇതിവൃത്തവും ആ യാഥാര്‍ഥ്യങ്ങളാണെന്നും മുതുകാട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here