തിരുവനന്തപുരം : വിദേശത്തേയ്ക്ക് ഡോളർ കടത്തിയതിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നും സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഡോളർ കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് തുടർച്ചയായ രണ്ടാം ദിവസവും സഭ ബഹളത്തിൽ മുങ്ങിയത്.

 

ചോദ്യോത്തരവേള തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിഷയം ഉന്നയിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞതാണെന്ന് ഓർമ്മിപ്പിച്ച സ്പീക്കർ സഭനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങൾ ബാനർ ഉയർത്തി പ്രതിഷേധിക്കുകയും, പിന്നീട് സഭ ബഹിഷ്‌കരിച്ച് പുറത്തേയ്ക്ക് ഇറങ്ങുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭയ്ക്ക് മുന്നിൽ പ്രതീകാത്മകമായി പ്രമേയം അവതരിപ്പിച്ചിരുന്നു. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിയുടെ മൊഴി സംബന്ധിച്ച് പ്രമേയ നോട്ടീസ്, കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ സ്പീക്കർ നിരാകരിക്കുകയായിരുന്നു.

 

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ചാനൽ വഴി കിലോക്കണക്കിന് സ്വർണം കടത്തിയെന്ന കേസിൽ പ്രതികളായ സ്വപ്ന സുരേഷ് ,സരിത് എന്നിവരാണ് കസ്റ്റംസിന് മുന്നിൽ ഡോളർ കടത്തിൽ മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്ന മൊഴി നൽകിയത്. ഇതാണ് പ്രതിപക്ഷം കച്ചിത്തുരുമ്പാക്കി നിയമസഭയെ പ്രതിഷേധത്തിന്റെ വേദിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here