തിരുവിതാംകൂർ രാജ കുടുംബത്തിന്റെ ആസ്ഥാനമായ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ അമ്മ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയുമായി, ലോക കേരള സഭ അംഗവും, പൊതുപ്രവർത്തകനുമായ ജോസ് കോലത്ത്‌ കൂടിക്കാഴ്ച നടത്തി.

വിനയത്തിന്റെയും, സ്നേഹത്തിന്റെയും പര്യായമായ തമ്പുരാട്ടിയുടെ അതിഥിയായി തിരുവോണത്തിന് ക്ഷണം ലഭിച്ചത് ജീവിതത്തിലെ അപൂർവ സൗഭാഗ്യമായി കരുതുന്നുവെന്നു ജോസ് കോലത്ത്‌ പറഞ്ഞു.

തിരുവിതാംകൂർ ഭരിച്ച അവസാനത്തെ രാജാവും, ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ ജനഹൃദയങ്ങളിലേക്കു ആഴ്നിറങ്ങുകയും ചെയ്‍ത ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ സഹോദരീ പുത്രിയായ അശ്വതി തിരുനാൾ തമ്പുരാട്ടി, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷക പദവി വഹിക്കുന്ന രാജകുടുംബാങ്ങങ്ങളിൽ ഒരാൾ കൂടിയാണ്. സാഹിത്യ പഞ്ചാനൻ പുരസ്കാരം അടക്കം 38 അവാർഡുകൾ നേടിയ പ്രഗത്ഭ എഴുത്തുകാരിയുമായ തമ്പുരാട്ടിയുടെ “History Liberated: The Sree Chithra Saga” എന്ന പ്രശസ്തമായ പതിമൂന്നാമത്തെ പുസ്തകം കഴിഞ്ഞ മാസം ഡോ. കരൺ സിങ്, ശ്രീ. റ്റി. പി. ശ്രീനിവാസൻ I.F.S തുടങ്ങി വിവിധ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ zoom വഴിയായും പിന്നീട് രാജ്ഭവനിൽ വെച്ചു ബഹു. കേരള ഗവർണർ നേരിട്ടും പ്രകാശനം ചെയ്കയുണ്ടായി. ആ ചടങ്ങുകളിൽ സംബന്ധിക്കാൻ തമ്പുരാട്ടിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത് ഒരു പദവിയായി കരുതുന്നുവെന്നും ജോസ് കോലത്ത് പറഞ്ഞു. തിരുവിതാംകൂർ രാജവംശത്തിന്റെ പല പ്രധാന സംഭവങ്ങളും പ്രതിപാദിക്കുന്ന ഈ പുസ്തകത്തിന്റെ ഒരു കോപ്പി സ്വന്തം കൈയ്യൊപ്പോടുകൂടി അശ്വതി തിരുനാൾ തമ്പുരാട്ടി ഇന്നലെ കവടിയാർ കൊട്ടാരത്തിൽ ജോസ് കോലത്തിനു നൽകി. വളരെ നാളുകൾക്കു മുൻപ് എഴുതിത്തുടങ്ങിയ ഈ പുസ്തകം പൂർത്തിയാക്കാൻ കാല താമസമുണ്ടായപ്പോൾ “അങ്ങ് കൈയ്ക്ക് പിടിച്ചു എഴുതിക്കണം” എന്ന് ശ്രീ പത്മനാഭ സ്വാമിയോട് പ്രാർത്ഥിക്കയും, ആ ദിവ്യകാരുണ്യമാണ് 450 പേജുകളുള്ള ഈ പുസ്തകം പൂർത്തിയാക്കാൻ ശക്തി പകർന്നത് എന്നും തമ്പുരാട്ടി പറയുകയുണ്ടായി. ഇതിനേ, തിരുവിതാംകൂറിന്റ ചരിത്രത്തിലേക്കു വിരൽചൂണ്ടുന്ന “അമൂല്ല്യ പുസ്തകം” എന്ന് ജോസ് കോലത്ത് വിശേഷിപ്പിച്ചു.

വടക്കൻ മലബാറിലെ ഏഴിമല ആസ്ഥാനമായുള്ള കോലത്തിരി രാജവംശം ഭരിച്ചിരുന്ന കോലത്ത് നാട്ടിൽ നിന്നും കോഴഞ്ചേരിയിലേക്കു കുടിയേറിയ കോലത്ത് തറവാട്ടിലെ പൂർവികർക്കു പന്തളം രാജകൊട്ടാരത്തിൽ നിന്ന്‌ ലഭിച്ചു പോന്ന പ്രത്യേക പദവികളെപ്പറ്റി കോലത്ത് കുടുംബ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, പന്തളം കൊട്ടാരത്തിൽ ചരിത്രാന്വേഷണത്തിന്റെ ഭാഗമായി ഇക്കാര്യം അന്വേഷിക്കാൻ താല്പര്യമുണ്ടെന്നും കോലത്ത് കുടുംബയോഗം മാനേജിങ് കമ്മിറ്റി അംഗം കൂടിയായ ജോസ് കോലത്ത് തമ്പുരാട്ടിയോടു സൂചിപ്പിച്ചു. മുൻകാലങ്ങളിൽ “അടുത്തൂൺ” ലഭിക്കുക എന്നാണ്‌ ഇങ്ങനെയുള്ള കാര്യങ്ങൾക്കു പറയപ്പെട്ടിരുന്നത് എന്ന് തമ്പുരാട്ടിപറഞ്ഞു.

കൃത്യം നാല് വർഷങ്ങൾക്കു മുൻപ് ഇതേ മാസം തമ്പുരാട്ടിയുടെ മകൻ His Highness Avittam Thirunal Adithya Varma യോടൊപ്പം എടുത്ത ഒരു ഓർമചിത്രം ജോസ് കോലത്ത് തമ്പുരാട്ടിക്കു സമ്മാനിച്ചു. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയിൽ പങ്കെടുക്കാൻ പുതുതായി പണിതീർത്ത അതിമനോഹരമായ കോഴഞ്ചേരി ചുണ്ടൻ വള്ളം പുണ്യനദിയായ പമ്പയിൽ നീരണിയിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യാതിഥിയായി അദ്ദേഹം വന്നപ്പോൾ എടുത്ത ചിത്രം ആയിരുന്നു അത്.

ബാലരാമപുരം കൈത്തറിയിൽ നെയ്ത ഷാൾ ജോസ് കോലത്തിന്റെ മകനും കമ്പ്യൂട്ടർ പ്രൊഫഷണലുമായ ജീവൻ ജോർജ് കോലത്ത് ഓണസമ്മാനമായി തമ്പുരാട്ടിക്കു നൽകി. ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുൻപ് ബാലരാമപുരം കൈത്തറി തുണികൾ ആദ്യമായി കോഴഞ്ചേരിയിൽ കൊണ്ടുവന്ന് വില്പന നടത്തിയിരുന്നത് കോഴഞ്ചേരി മാർക്കറ്റിൽ സ്ഥിതി ചെയ്തിരുന്ന പ്രമുഖ വസ്ത്രവ്യാപാരശാലയായിരുന്ന കോലത്ത് ടെക്സ്റ്റൈൽസ് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

കോവിഡ് പ്രതിസന്ധിയിൽ തകർന്നുകൊണ്ടിരിക്കുന്ന കൈത്തറി മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെ സംരക്ഷിക്കുവാൻ മലയാളികളുടെ ഏറ്റവും വലിയ ആഗോള സംഘടനകളിലൊന്നായ വേൾഡ് മലയാളി കൌൺസിലിന്‍റെ നേതൃത്വത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന സൽപ്രവർത്തികൾ അഭിനന്ദനീയം ആണെന്ന് സംഘടനയുടെ മുൻ ഗ്ലോബൽ പ്രവാസികാര്യവകുപ്പു ചെയർമാൻ കൂടിയായ ജോസ് കോലത്ത് ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി.

പിതാവും, കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ സ്ഥാപക പ്രസിഡന്റും ആയിരുന്ന ആദരണീയനായ കേണൽ ജി. വി. രാജായുടെയും മറ്റ്‌ പൂർവ്വികരുടെയും ധന്യമായ ഓർമകൾ തമ്പുരാട്ടി പങ്കുവച്ചു. കൂടാതെ, ജോസ് കോലത്തുമായി, തമ്പുരാട്ടി കൂടിക്കാഴ്ചനടത്തിയ കവടിയാർ കൊട്ടാരത്തിലെ അതേ മുറിയിൽ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയും, ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദിയും, കാലം ചെയ്ത അഭി. ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വല്യമെത്രാപ്പോലീത്തായും അടക്കം പല പ്രമുഖ വ്യക്തികളും സന്ദർശിച്ചതിന്റെ ഓർമകളും പങ്ക് വെച്ചു.

ഇന്നലെ തിരുവോണത്തിന് തമ്പുരാട്ടി വിളമ്പിക്കൊടുത്ത പാലടപ്രഥമൻ ജീവിതതിൽ ഇന്നോളം രുചിച്ചതിൽ ഏറ്റവും ഹൃദ്യമായിരുന്നുവെന്നാണ് ജോസും, മകൻ ജീവനും അഭിപ്രായപ്പെട്ടതു.

ആഗോള മലയാളികളെ സ്നേഹത്തിന്റെ കുടക്കീഴിൽ കോർത്തിണക്കുന്നതിനും, പ്രത്യേകിച്ചു ഈ കോവിഡ് കാലഘട്ടത്തിൽ ചെയ്യുന്ന എല്ലാ സേവനങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം ശ്രീ പത്മനാഭന്റെ അനുഗ്രഹങ്ങൾ ഉണ്ടായിരിക്കട്ടെ എന്ന് അശ്വതി തിരുനാൾ തമ്പുരാട്ടി ആശംസിക്കയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here