താനൂർ : ഒഴൂർ വില്ലേജാഫീസിലെ ഫീൽഡ് അസിസ്‌റ്റന്റായ ഗിരിഷ് കുമാറിനെ അഞ്ഞൂറ് രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്തു.

ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സർവേ നമ്പറായതിനാൽ അത് മാറ്റി ഒറ്റ നമ്പറാക്കുന്നതിലേക്കായി ഒഴൂർ വില്ലേജാ ഫീസറെ സമീപിച്ചിരുന്നു. സർവ്വേ നമ്പറിൽ വ്യത്യാസമുള്ളതിനാൽ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വില്ലേജാഫീസർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഗിരീഷ് കുമാറിനോട് ആവശ്യപ്പെട്ടു. തുടർന്ന് അലി ഗിരീഷ് കുമാറിനെ സമീപിച്ച് സ്ഥല പരിശോധനക്കായി എപ്പോൾ വരുമെന്ന് അന്വേഷിച്ചു, ഫീൽഡിൽ വരുന്നതിനു അഞ്ഞൂറ് രൂപ നൽകുകയാണെങ്കിൽ വരാമെന്നും അല്ലെങ്കിൽ ഫയൽ അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു.

ഗത്യന്ധരമില്ലാതെ അലി ഈ വിവരം വിജിലൻസ് മലപ്പുറം യുണിറ്റ് ഡി.വൈ.എസ്.പിയെ അറിയിക്കുകയും തുടർന്ന് വിജിലൻസിന്റെ വടക്കൻ മേഖലാ പോലീസ് സൂപ്രണ്ട് സജീവന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ഫിറോസ് , എം. ഷെഫീക് കെണിയൊരുക്കി.

ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് ഒഴൂർ വില്ലേജ് ഓഫീസിൽ വച്ച് അഞ്ഞൂറൂ രൂപ പരാതിക്കാരനായ അലിയിൽ നിന്നും കൈക്കൂലി വാങ്ങുമ്പോൾ ഗിരീഷ് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗിരീഷിന്റെ പക്കൽ നിന്നും കണക്കിൽ പെടാത്ത 5740 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

ഡി.വൈ.എസ്.പിയെ കൂടാതെ ഇൻസ്പെക്ടർമാരായ ഗംഗാധരൻ, ജ്യോതീന്ദ്ര കുമാർ, പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ മോഹൻ ദാസ്, ജോസൂട്ടി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്ണൻ, ഹനീഫ, സലിം സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here