
തിരുവനന്തപുരം : കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നു. എ കെ ജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന നിലയിലാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. ‘ജനാധ്യപത്യമില്ലാത്ത രീതിയിൽ കോൺഗ്രസും ഹൈക്കമാൻഡും മാറി. സിപിഎം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാർഥതയോടെ നിറവേറ്റും’ – എന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാൻഡിന്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറി. രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് ആവശ്യം. സിപിഎമ്മിൽ എത്തുന്നത് അതുമാത്രം ആഗ്രഹിച്ചാണ്. സിപിഎമ്മിന് മുന്നിൽ ഒരു ഉപാധിയും വെച്ചിട്ടില്ല. അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. സ്ഥാനാർഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺഗ്രസിനെ അവസ്ഥയെന്നും പ്രശാന്ത് തുറന്നടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട്ട് യു ഡി എഫ് സ്ഥാനാർഥിയായി പ്രശാന്ത് മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ നിലവിലെ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചതോടെ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതോടെയാണ് സാഹചര്യം മാറിയത്. വേണുഗോപാൽ ബിജെപിയുടെ ഏജന്റാണെന്നും അദ്ദേഹം കോൺഗ്രസിനെ തകർക്കുകയാണെന്നും വ്യക്തമാക്കി രാഹുൽ ഗാന്ധിക്ക് കത്ത് എഴുതിയതോടെ പ്രശാന്തിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
സംസ്ഥാന കോൺഗ്രസിനെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം കെ സി വേണുഗോപാൽ ആണെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ‘വേണുഗോപാലുമായി നേരിട്ടോ അല്ലാതെയോ ബന്ധം പുലർത്തുന്നവർക്ക് മാത്രമാണ് ഡിസിസി പട്ടികയിൽ ഇടം നേടാനായത്. തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമം നടത്തിയ പാലോട് രവിക്കെതിരെ നടപടി ആവശ്യപ്പെട്ടില്ലെങ്കിലും ‘റിവാർഡ്’ നൽകരുതെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റാക്കുകയാണ് ചെയ്തത്. എന്നും എ ഗ്രൂപ്പ് കാരനായി താൻ നിലകൊണ്ടിട്ടും ഈ നീക്കത്തെ ഉമ്മൻ ചാണ്ടിയും പിന്തുണച്ചു. നെടുമങ്ങാട് തന്നെ പ്രവർത്തിക്കാൻ പോലും സമ്മതിക്കാത്ത സമീപനമാണു പാലോട് രവി സ്വീകരിച്ചത്’ – എന്നും പ്രശാന്ത് ആരോപിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ പുതിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവവുമായി രമേശ് ചെന്നിത്തല രംഗത്തുവന്നു. താനും ഉമ്മൻ ചാണ്ടിയും നേതൃത്വത്തിലുണ്ടായിരുന്നപ്പോഴാണ് സംസ്ഥാനത്ത് പാർട്ടിയെ തിരികെ കൊണ്ടുവന്നത്. ധാർഷ്ട്യത്തിൻറെ ഭാഷ തങ്ങൾ ഒരുകാലത്തും ഉപയോഗിച്ചിട്ടില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുന്നതായിരുന്നു ഞങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
‘പാർട്ടിയിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനോട് കണ്ണടച്ചിട്ട് കാര്യമില്ല. കോൺഗ്രസിൽ ചില പ്രശ്‌നങ്ങളുണ്ട് അത് യാഥാർഥ്യമാണ്. പ്രശ്‌നങ്ങൾ ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ചിട്ട് കാര്യമില്ല. ഉമ്മൻ ചാണ്ടി പാർലമെൻററി പാർട്ടി ലീഡറും ഞാൻ കെപിസിസി പ്രസിഡൻറുമായിരുന്ന കാലത്താണ് ഈ കോൺഗ്രസിനെ തിരികെ കൊണ്ടുവരാനുള്ള പോരാട്ടം നമ്മൾ നടത്തിയത്. ഞങ്ങൾ 17 വർഷക്കാലം ആ സ്ഥാനത്തിരുന്നു, ശരിയാണ്. അന്ന് മൂന്ന് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചു. വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു ആ പതിനേഴ് വർഷക്കാലം’ – എന്നും ചെന്നിത്തല പറഞ്ഞു.