കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍മാന്‍ അജിത തങ്കപ്പനെതിരേയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി. നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറില്‍ ഇന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് നാല് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇതേ ചൊല്ലി യോഗത്തില്‍ വാക്കുതര്‍ക്കങ്ങളും ഉണ്ടായി. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടന്നാണ് യു ഡി എഫ് തീരുമാനം.

ഇതോടെ ക്വാറം തികയാതെ പ്രമേയം അവതരിപ്പിക്കാന്‍ കഴിയാതെ വരുമെന്നും യു ഡി എഫ് കണക്ക് കൂട്ടി. എന്നാല്‍ തങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടി തങ്ങളെ അവഗണിച്ച് ഭരണം നടത്തുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി.

പ്രശ്നം പരിഹരിക്കാന്‍ നേരത്തെ ഡി സി സി ഇടപെട്ടത് ഫലം ചെയ്തില്ലെന്ന് ഇതോടെ വ്യക്തമായി. നഗരഭരണം ഏകോപിപ്പിക്കാനും പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഉപസമിതിയെ ഡി സി സി നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സമിതിയോട് ആലോചിക്കാതെയാണ് ഇപ്പോഴും പല പ്രധാന തീരുമാനങ്ങളുമെടുക്കുന്നതെന്ന് വിമത കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. അധ്യക്ഷക്കെതിരെ എല്‍ ഡി എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടിസ് 23 ന് പരിഗണിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here