പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നൂറ് ഏക്കറോളം വരുന്ന ജൈവ വൈവിധ്യ സമൃദ്ധമായ
ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്ന
സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയുടെശുപാർശയിൽ അഹ്ലാദം പ്രകടിച്ച് നാട്ടുകാർ.

കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയാണ്(സിയാക്) സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിക്ക് (സിയ)ശുപാർശ നൽകിയത്. സിയ ശുപാർശ അംഗീകരിക്കുന്നതോടെ ചെങ്ങോടുമലയിലെ ഖനന ഭീഷണി ഒഴിവാകും.

ചെങ്ങോടുമലയിലെ 12 ഏക്കർ സ്ഥലത്ത് പാറ ഖനനം നടത്താനുള്ള പാരിസ്ഥിതികാനുമതി തേടിയാണ് സ്വകാര്യകമ്പനി സിയക്ക് അപേക്ഷ നൽകിയത്. ഈ അപേക്ഷയിൽ സിയാക്കിലെ രണ്ട് അംഗങ്ങൾ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ഖനനത്തിന് അനുകൂലമായിരുന്നു. തങ്ങളെ കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി സമരസമിതി ഹൈക്കോടതിയെ സമീപിപ്പോൾ സമരസമിതിയേയും കോട്ടൂർ ഗ്രാമപഞ്ചായത്തിനേയും കേൾക്കണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് പഞ്ചായത്തിനു വേണ്ടി അന്നത്തെ പ്രസിഡൻറ് ഷീജാ കാറാങ്ങോട്ടും സമരസമിതിക്ക് വേണ്ടി അഡ്വ: ഹരീഷ് വാസുദേവനും ഓൺലൈനിലൂടെ വാദങ്ങൾ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടംഗ സമിതിയുടെ റിപ്പോർട്ട് തള്ളുകയും സിയാക് ചെയർമാൻ എം. ഭാസ്ക്കരൻ ഉൾപ്പെടെ ഏഴംഗ സംഘം ചെങ്ങോടുമല സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു.

ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് പാരിസ്ഥിതികാനുമതി നൽകരുതെന്ന ശുപാർശയുള്ളത്. ചെങ്ങോടുമലയിലെ ഖനന നീക്കത്തിനെതിരെ കഴിഞ്ഞ മൂന്നര വർഷമായി നാട്ടുകാർ സമരത്തിലായിരുന്നു. നിരവധി നിയമ പോരാട്ടങ്ങൾക്കും ബഹുജനസമരങ്ങൾക്കും നാട് വേദിയായി. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച് ഗ്രാമസഭകളും കായണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമസഭയും ചെങ്ങോടുമല ആദിവാസി ഊരുകൂട്ടവും ക്വാറി പാടില്ലെന്ന പ്രമേയം പാസാക്കിയിരുന്ന
ജനപ്രതിനിധികളും പരിസ്ഥിതി – സാംസ്ക്കാരിക പ്രവർത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ജില്ലാ പാരിസ്ഥിതികാഘാത നിർണയ സമിതി കമ്പനിക്ക് നൽകിയ പാരിസ്ഥിതികാനുമതിക്കെതിരെ സമരസമിതി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഈ അനുമതി ഉപയോഗിക്കില്ലെന്ന് കമ്പനി കോടതിയിൽ സത്യവാങ്മൂലം നൽകി. തുടർന്നാണ് സിയയിൽ പാരിസ്ഥിതികാനുമതിക്ക് വേണ്ടി വീണ്ടും അപേക്ഷ നൽകിയത്. അന്നത്തെ ജില്ല കലക്ടർ
നിയോഗിച്ച സംഘം തയ്യാറാക്കിയ റിപ്പോർട്ടിലും ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാൻ പറ്റില്ലെന്നായിരുന്നു.
ചെങ്ങോടുമല ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി അപേക്ഷ നിരസിക്കാൻ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി ശിപാർശ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സമര സമിതി പ്രവർത്തകർ വീടുകളിൽ വിജയ ജ്വാല തെളിയിച്ചു. പടക്കം പൊട്ടിച്ചും നിളനീർ പൂവ് കത്തിച്ചുമെല്ലാം വർണാഭമായിരുന്നു ആഘോഷം.

സമര ഭടൻമാർ രാത്രി ചെങ്ങോടുമലക്ക് സമീപമുള്ള വേയപ്പാറ കയറി അവിടെ നിന്നാണ് ജ്വാല തെളിയിച്ചത്. കവി വീരാൻ കുട്ടി
യുൾപെടെയുള്ളവർ സമരത്തിലണിനിരന്നു. ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജ്വാല തെളിയിച്ചു. കഴിഞ്ഞ മൂന്നര വർഷക്കാലമായി നാട്ടുകാർ ഖനന നീക്കത്തിനെതിരെ നിരന്തര സമരത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here