രാജേഷ് തില്ലങ്കേരി

കൊച്ചി : ഇരുപത് വർഷം മുൻപ് കേരളത്തിൽ വലിയ ആശങ്ക പരത്തിയ പദ്ധതി പ്രഖ്യാപനമായിരുന്നു കാസർകോട് മുതൽ തിരുവനന്തപുരം വരെ നിർമ്മിക്കാനുദ്ദേശിച്ച എക്‌സ്പ്രസ് ഹൈവേ. അന്ന് കേരളത്തിൽ ഭരണം യു ഡി എഫിന്. പൊതുമരാമത്ത് മന്ത്രി ഡോ എം  കെ മുനീർ. കേരളത്തെ രണ്ടാക്കി മാറ്റുമെന്നും, വലിയ പാരിസ്ഥിക പ്രശ്‌നമുണ്ടാക്കുമെന്നുമായിരുന്നു ഇടത് ബുദ്ധിജീവികളുടെയും മറ്റ് നേതാക്കളുടെയും ആരോപണം. ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാറായിരുന്നു എക്‌സ് പ്രസ് വേയ്ക്ക് എതിരായ ആദ്യത്തെ എതിരാളി. അദ്ദേഹം ആരംഭിച്ച പോരാട്ടം പിന്നീട് കേരളം ഏറ്റെടുത്തു. കേരളത്തെ നെടുകെ പിളർത്തുന്ന എക്‌സ്പ്രസ് വേ കേരളത്തിന് ആവശ്യമില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചു.
പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ പദ്ധതിയിൽ നിന്നും സർക്കാർ പിറകോട്ട് പോയി. വടക്കുനിന്നും തലസ്ഥാനത്തേക്കുള്ള യാത്ര സുഖമമാക്കുന്നതിനും സമയ ലാഭത്തിനുമായി നിർമ്മിക്കാനുദ്ദേശിച്ച എക്‌സ്പ്രസ് വേ, ഇതോടെ എന്നെന്നേക്കുമായി ഇല്ലാതായി. വൻ അഴിമതി നടത്താനായിരുന്നു യു ഡി എഫിന്റെ പ്ലാൻ എന്ന് ആരോപിച്ച എൽ ഡി എഫ് പിന്നീട് അധികാരത്തിലേറിയതോടെ ഇതേ വിഷയത്തിൽ പഠനം നടത്തി. എക്‌സ് പ്രസ് വേ ഉപേക്ഷിച്ചത് തെറ്റായിരുന്നു എന്ന് എൽ ഡി എഫ് നേതൃത്വത്തിന് പിന്നീട് ബോധ്യപ്പെട്ടു.
ഇതോടെയാണ് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് അതിവേഗ റെയിൽ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഇതിനിടയിലാണ്  പദ്ധതിയെ കുറിച്ച് പഠിക്കാനായി ഡോ എം കെ മുനീർ അധ്യക്ഷനായി യു ഡി എഫ് ഉപസമിതി രൂപീകരിക്കുന്നത്. മുനീർ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരിക്കയാണ്. ഒരു കാലത്തും ലാഭത്തിലെത്തില്ലെന്നും, കേരളത്തെ കീറി മുറിക്കുമെന്നും മുനീർ കണ്ടെത്തിയിരിക്കുന്നു.
പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നാണ് കെ റെയിൽ പദ്ധതിക്കെതിരെയുള്ള പ്രധാന ആരോപണം.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനാണ് ഓടിക്കുക. നാല് മണിക്കൂർ കൊണ്ട് കാസർകോടുന്നിന്നും തിരുവനന്തപുരത്ത് എത്തുന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഹൈലേറ്റ്. നിലവിൽ 14 മണിക്കൂറാണ് യാത്രാ സമയവേണ്ടത്.

കെ റെയിൽ പദ്ധതി കേരളത്തിന്റെ തലവരമാറ്റുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ നിരവധി ചതുപ്പു നിലങ്ങൾ മണ്ണിട്ട് മൂടപ്പെടും, പുഴകളുടെ സ്വാഭാവിക ഒഴുക്കിനെ ഇത് ബാധിക്കുമെന്നാണ് എം കെ മുനീറിന്റെ റിപ്പോർട്ടിൽ പറയുന്നത്.
63000 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. പദ്ധതി തീരുമ്പോഴേക്കും ഒന്നേകാൽ ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരും. ഇതു വലിയ ബാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റു ട്രെയിനുകൾക്ക് കെ റെയിൽപാത ഉപയോഗിക്കാനാവില്ല. അതിനാൽ പ്രത്യേക ട്രെയിനുകൾക്ക് മാത്രമേ കെ റെയിലിൽ സർവ്വീസ് നടത്താനാവൂ. അതിനാൽ യാത്രക്കാർ കുറയും.
കെ റെയിൽ പദ്ധതി യിൽ കേന്ദ്രസർക്കാർ പണം മുടക്കില്ല, ഇത് സംസ്ഥാനത്തെ വൻ കടക്കെണിയിലേക്ക് തള്ളിവിടുമെന്നും മുനീർ പറയുന്നു.


അതേസമയം, മേഖലയിലെ വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും പദ്ധതിയ്‌ക്കെതിരെ മാസങ്ങൾക്കു മുൻപു തന്ന രംഗത്തെത്തിയിരുന്നു. കെ റെയിലിന്റെ കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും ഉയർന്ന ടിക്കറ്റ് നിരക്കിൽ ഇത്രയധികം യാത്രക്കാരെ കിട്ടില്ലെന്നുമാണ് വിമർശകർ പറയുന്നത്. കൂടാതെ കേരളത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കുന്നവർക്ക് കെ റെയിൽ സഹായമാകില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച് യുഡിഎഫ് കെ റെയിലിനെതിരെ സ്വീകരിക്കുന്ന നിലപാടാണ് ശ്രദ്ധേയം. പദ്ധതിയെ പാടേ എതിർത്താൽ വികസനവിരോധമാണെന്ന വിമർശനം ഉയരുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്. എന്നാൽ റിപ്പോർട്ട് അംഗീകരിക്കുന്ന നിലപാടാണ് മുന്നണിയുടേതെങ്കിൽ സർക്കാരിനെതിരെ സമരം കടുപ്പിക്കാനാകും തീരുമാനം. വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ വിഷയത്തിൽ നിർണായക തീരുമാനം കൈക്കൊള്ളും.

LEAVE A REPLY

Please enter your comment!
Please enter your name here