പേരാമ്പ്ര: കോട്ടൂർഗ്രാമപഞ്ചായത്തിലെ നൂറ് ഏക്കറോളം വരുന്ന
ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി സ്വകാര്യ കമ്പനി സമർപ്പിച്ച അപേക്ഷ സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി (സിയ) തള്ളി. സമര സമിതി ചെയർമാൻ വി. വി. ജിനീഷിന് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് സിയയുടെ തീരുമാനം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഏജൻസി തന്നെ പാരിസ്ഥിതികാനുമതി അപേക്ഷ തള്ളിയതോടെ ചെങ്ങോടുമല ഖനന ഭീഷണിയിൽ നിന്നും ഒഴിവായിരിക്കുകയാണ്. സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയിലെ (സിയാക്) ഏഴംഗങ്ങൾ ചെങ്ങോടുമല സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ തള്ളിയത്. സിയാക് റിപ്പോർട്ടിൽ ചെങ്ങോടുമലയുടെ പാരിസ്ഥിതിക പ്രാധാന്യം അക്കമിട്ട് നിരത്തുന്നുണ്ട്.

ചെങ്ങോടുമല ഖനനം നടത്തിയാൽ പരിസ്ഥിതിക്ക് വലിയ ദുരന്തമുണ്ടാവും. പ്രദേശത്തുകാരുടെ വെള്ളത്തിന്റെ ഉറവിടമാണ് ഈ മല. ഖനനം നടന്നാൽ വലിയ ജലദൗർലഭ്യം നേരിടും. ജൈവ വൈവിധ്യത്തിന്റെ കലവറയായ ഇവിടം 17 ഓളം അപൂർവ്വ സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ഖനനം തുടങ്ങിയാൽ അഞ്ചു മിനുട്ടിൽ ഒരു ടിപ്പർ എന്ന നിലയിൽ പ്രദേശത്തെ ഗ്രാമീണ റോഡുകളിലൂടെ സർവ്വീസ് നടത്തും. ഇത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. ചെങ്ങോടുമല തകർന്നാൽ പ്രാദേശിക കാലാവസ്ഥയിൽ വ്യതിയാനമുണ്ടാവുമെന്നും റിപ്പോർട്ട് ഓർമപ്പെടുത്തുന്നു.

ചെങ്ങോടുമലയിലെ ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് തകർത്തതും ഇതു സംബന്ധിച്ചുള്ള കേസും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ചെങ്ങോടുമല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന പ്രധാന നിർദ്ദേശവും ഡിയാക് സംഘം മുന്നോട്ടുവെച്ചിട്ടുണ്ട്. ആദ്യം മുതലെ നാട്ടുകാർ ഉന്നയിക്കുന്ന കാര്യങ്ങൾ തന്നെയാണ് സിയാക് റിപ്പോർട്ടിലും ഉള്ളത്. നേരത്തെ ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സംഘവും ഖനനത്തിനെതിരായ റിപ്പോർട്ടാണ് തയ്യാറാക്കിയത്.

കഴിഞ്ഞ മൂന്നര വർഷക്കാലമായി നാട്ടുകാർ നടത്തിയ സമാനതകളില്ലാത്ത ചെറുത്തു നിൽപ്പു കൊണ്ടാണ് ക്വാറി കമ്പനിക്ക് മുട്ടുമടക്കേണ്ടി വന്നത്. എന്നാൽ കമ്പനി സിയ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ചെങ്ങോടുമലയിൽ ഇനി നിയമ യുദ്ധത്തിന്റെ നാളുകളായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here