തിരുവനന്തപുരം: കേരളത്തിലെ ഐ. ടി ഹാര്‍ഡ് വെയര്‍ ഉത്പാദനം പതിനായിരം കോടി രൂപയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ഇത് 2500 കോടി രൂപയാണ്. ഇത് സാധ്യമാക്കാന്‍ കേരളത്തിന്റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ ഐ. ടി പാര്‍ക്കുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.

ഇത്തരത്തില്‍ നവീന വികാസം മുന്നില്‍ കണ്ടാണ് കെ ഡിസ്‌ക്ക്, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവ സര്‍ക്കാര്‍ ആരംഭിച്ചത്. ഇതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ. ടി, ഐ. ടി അനുബന്ധ മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന് വ്യക്തമായ തൊഴില്‍ നയം ഉണ്ട്. തൊഴില്‍ സുരക്ഷയും മാന്യമായ വേതനവും ഉള്‍പ്പെടെ തൊഴിലാളിയുടെ അവകാശം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കോവിഡിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരിക്കുന്ന മോശം സാമ്പത്തികാവസ്ഥയില്‍ നമ്മുടെ ഐ. ടി മേഖലയെയും തൊഴിലാളികളെയും പ്രത്യേകം കരുതേണ്ടതുണ്ട്. ഇതിന് ക്ഷേമനിധി ഉപകരിക്കും. ഒന്നര ലക്ഷം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്.

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ക്ഷേമനിധിയില്‍ ഈ മേഖലയിലെ 1,15,452 തൊഴിലാളികളും 2682 സംരംഭകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞത് പത്തു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസിന് ശേഷം പെന്‍ഷന്‍ ലഭിക്കും. ശാരീരികാവശതകളെ തുടര്‍ന്ന് തൊഴിലെടുക്കാനാകാതെ രണ്ടുവര്‍ഷമായി മാറിനില്‍ക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാവും. 3000 രൂപയാണ് പെന്‍ഷന്‍. ഓരോ വര്‍ഷവും 50 രൂപ വീതം പെന്‍ഷന്‍ വര്‍ധനവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here