തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ വരുന്ന ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് അമ്പലപ്പുഴ ആമയിടയില്‍ നിര്‍മിച്ചുനല്‍കിയ 45 വീടുകളുടെ താക്കോല്‍ കൈമാറല്‍ കര്‍മം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. ഈ സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ 12,067 വീടുകള്‍ നിര്‍മിച്ച് നല്‍കാനായി. അര്‍ഹരായ എല്ലാ ഭവനരഹിതര്‍ക്കും സ്വന്തമായി വീടുകള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ പുനര്‍നിര്‍മാണമെന്നത് സര്‍ക്കാര്‍മാത്രം പങ്കുവഹിച്ചുകൊണ്ട് പൂര്‍ത്തിയാക്കേണ്ട ഒന്നല്ല. അത് പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പിന്തുണയോടെയും സഹകരണത്തോടെയും നടപ്പാക്കാനാവും. അവരില്‍നിന്നും ലഭിക്കുന്ന ആശയങ്ങളും വിഭവങ്ങളുമെല്ലാം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആമയിട കോളനിയിലെ 65 അന്തേവാസികള്‍ക്ക് 65 വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് ശ്രീ സത്യസായി ട്രസ്റ്റ് സന്നദ്ധത അറിയിച്ചത്. 14 വീടുകള്‍ നേരത്തേതന്നെ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. ശേഷിക്കുന്ന 51 ല്‍ 45 വീടുകളാണ് ഇന്ന് കൈമാറുന്നത്. പ്രളയത്തെ പ്രതിരോധിക്കും വിധം അഞ്ചടി ഉയരത്തില്‍ നിര്‍മിച്ച വീടുകളാണിവ.

ഇത്തരത്തിലുള്ള സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശ്രീ സത്യസായി ട്രസ്റ്റ് ഏറ്റെടുക്കുന്നുവെന്നത് സന്തോഷം നല്‍കുന്നു. ആതുര ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം മാതൃകാപരമായ പ്രവത്തനമാണ് ട്രസ്റ്റ് നടത്തുന്നത്. ഇത്തരം സഹായങ്ങള്‍ ഏതെങ്കിലും ജാതിയിലോ മതത്തിലോ മാത്രമായി ചുരുക്കേണ്ടതില്ലെന്ന നയമാണ് ട്രസ്റ്റ് പിന്തുടരുന്നത്. മാനവികമൂല്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സമൂഹത്തില്‍ ഇടപെടുന്ന ഇത്തരം സംഘടനകള്‍ ഇന്നത്തെ കാലത്ത് അനിവാര്യമാണ്.
പ്രളയത്തേയും കോവിഡിനെയും ഒറ്റക്കെട്ടായാണ് കേരളം എതിരിട്ടത്. ആ ഐക്യം ഇനിയും ഊട്ടയുറപ്പിക്കേണ്ടതുണ്ട്. ദുരന്തകാലത്തെന്നപോലെ എല്ലാ കാലത്തും ഏകോദര സഹോദരങ്ങളെപോലെ നാം നീങ്ങണം. അതിനായി സര്‍ക്കാരും രാഷ്ട്രീയ – സന്നദ്ധസ ംഘടനകള്‍ കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here