ന്യൂഡല്‍ഹി > പാചകവാതക സബ്സിഡി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സബ്സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ബില്‍ ലോക്സഭ പാസാക്കി. ആധാര്‍ (സബ്സിഡികളുടെയും ആനുകൂല്യങ്ങളുടെയും സേവനങ്ങളുടെയും എണ്ണം പരിമിതപ്പെടുത്തിയുള്ള വിതരണം) ബില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാര്‍ച്ച് മൂന്നിനാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. വെള്ളിയാഴ്ച ശബ്ദവോട്ടോടെ സഭ ബില്‍ പാസാക്കി.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ ബില്‍ കൊണ്ടുവന്നത്. ആധാര്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പരാജയപ്പെടരുതെന്ന ലക്ഷ്യത്തോടെ മണിബില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആധാര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭ പാസാക്കി രണ്ടാഴ്ചയ്ക്കകം രാജ്യസഭ മണിബില്ലുകള്‍ മടക്കിയയക്കണം. മണിബില്ലില്‍ ഭേദഗതികള്‍ കൊണ്ടുവരാനും രാജ്യസഭയ്ക്ക് അവകാശമില്ല. ആധാര്‍ബില്ലിനെ മണിബില്ലായി കൊണ്ടുവന്നതിനെ പ്രതിപക്ഷം എതിര്‍ത്തു.

ബില്ലിലെ വ്യവസ്ഥപ്രകാരം സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി ഓഫ് ഇന്ത്യക്കാണ് (യുഐഡിഎഐ) ആധാര്‍ കാര്‍ഡ് വിതരണംചെയ്യാനുള്ള അധികാരം. സബ്സിഡികളുടെയും സേവനങ്ങളുടെയും മറ്റും വിതരണഘട്ടത്തില്‍ ആധാര്‍ നമ്പര്‍ ഉപയോക്താക്കള്‍ നല്‍കണം. സബ്സിഡികളും ആനുകൂല്യങ്ങളും നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പദ്ധതികളെയും ആധാറുമായി ബന്ധിപ്പിക്കും.

ആധാര്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. ആധാര്‍ പൌരത്വരേഖയല്ല. അപേക്ഷ നല്‍കുന്ന ദിവസത്തിനുമുമ്പ് 182 ദിവസമായി ഇന്ത്യയില്‍ തങ്ങിവരുന്ന ആര്‍ക്കും ആധാര്‍ ലഭിക്കും.

ആധാറിനായി ശേഖരിച്ച വ്യക്തിവിവരങ്ങള്‍ യുഐഡിഎഐ അതീവ സുരക്ഷിതമായി സംരക്ഷിക്കണമെന്ന് ബില്ലില്‍ പറയുന്നു. ഇതിന് സാങ്കേതികവും സംഘടനാപരവുമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. ആധാര്‍ വിവരങ്ങളെ ഇ–രേഖയായി കണക്കാക്കും. അതുകൊണ്ട് ഐടി നിയമങ്ങള്‍ ബാധകമാകും. ഇതിനിടെ, 99 കോടി ഇന്ത്യക്കാരുടെ ജനിതക വിവരങ്ങള്‍ ശേഖരിച്ചതായി വിവരസാങ്കേതികവിദ്യ മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ അറിയിച്ചു.

ആധാര്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി കെ പുട്ടസ്വാമി അടക്കം നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്്.

LEAVE A REPLY

Please enter your comment!
Please enter your name here