കോഴിക്കോട്‌ : എന്‍ഡിഎ സര്‍ക്കാരുകള്‍ ഭരിക്കുന്ന ഒൻപത്‌ സംസ്ഥാനങ്ങള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയതിന് പിന്നാലെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറകണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക, ബീഹാര്‍, ഗോവ, ത്രിപുര, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് മൂല്യ വര്‍ദ്ധിത നികുതി കുറച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 12 രൂപയാണ് കുറച്ചത്. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 7 രൂപ വീതം കുറച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. കര്‍ണാടകയും പെട്രോളിനും ഡീസലിനും 7 രൂപ വീതമാണ് കുറച്ചത്. ഇതോടെ കര്‍ണാടകയില്‍ പെട്രോളിന് 95 രൂപ 50 പൈസയും ഡീസലിന് 81 രൂപ 50 പൈസയുമായി.

ബീഹാറില്‍ പെട്രോളിന് 1 രൂപ 30 പൈസയും ഡീസലിന് 1 രൂപ 90 പൈസയും കുറച്ചതായി ബിജെപി രാജ്യസഭ എംപിയായ സുശീല്‍ കുമാര്‍ മോദി അറിയിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 7 രൂപ വീതം കുറച്ചതായി ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു. ത്രിപുരയില്‍ പെട്രോള്‍, ഡീസല്‍ വില 7 രൂപ വീതമാണ് കുറച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ വ്യക്തമാക്കി.

മണിപ്പൂരിലും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. അതേസമയം, പെട്രോള്‍, ഡീസല്‍ വില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ അറിയിച്ചു.

എന്നാല്‍, കേന്ദ്രത്തിന്റേത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നാണ് കേരള ധനമന്ത്രിയായ കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here