ജോണി അന്തിക്കാട്  ( രഷ്ട്രദീപികയുടെ  തൃശൂർ എഡിഷൻ എഡിറ്റർ ഇൻ ചാർജ് ആയിരുന്നു ലേഖകൻ)


കേരളത്തില്‍ ഇന്ന് കള്ള് ചെത്തുന്നുണ്ടോ? ചെത്തുകാരനെ കാണാന്‍ ഇപ്പോള്‍ പ്രയാസമാണ്. എന്നാല്‍ ഷാപ്പുകളില്‍ കള്ള് സുലഭം. കുടിയന്മാരും സുലഭം. ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളില്‍ ശുദ്ധമായ കള്ള് എള്ളോളമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കുടിയന്മാര്‍ക്ക് അതൊന്നും പ്രശ്നമില്ല അവര്‍ക്ക് മണം ഉണ്ടായാല്‍ മതി. അങ്ങനെ ഈ വ്യാജന്‍ കുടിച്ച് കുടിച്ച് ആമാശയം നശിച്ചു കുളം തോണ്ടുന്ന കുടുംബങ്ങള്‍ ധാരാളം.

കേരളത്തില്‍ ഇപ്പോള്‍ കള്ള് ചെത്തുന്നില്ല, ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നതത്രേ! ഇപ്പറഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ മന്ത്രി എം.വി. ഗോവിന്ദനാണ്. വടക്കഞ്ചേരിയില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശുദ്ധഹൃദയനായ മന്ത്രി സത്യം പറഞ്ഞത്. റെഡിമെയ്ഡ് കള്ളാണ് ഇപ്പോള്‍ കിട്ടുന്നതത്രേ! തെങ്ങില്‍നിന്ന് ചെത്തി എടുക്കാത്ത കള്ളിനും പേര് കള്ള് എന്നുതന്നെ. ഉണ്ടാക്കിയെടുക്കുന്ന കള്ള് കുടിയന്മാര്‍ക്ക് നല്‍കുന്നത് ആമാശയ കാന്‍സറാണ്. കള്ളില്‍ മായം ചേര്‍ക്കുന്നുണ്ടോ എന്നറിയാനാണ് മുഴുത്ത ശമ്പളം നല്‍കി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത.് എന്നിട്ടും വ്യാജക്കള്ള് സുലഭമായി ഒഴുകുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അവര്‍ക്കിട്ടും ഒരു കൊട്ടു കൊടുത്തു എന്നതും ശരിയാണ്. ലഹരി വേട്ടക്കാരുടെ പറ്റുപുസ്തകം കണ്ടെടുത്തിട്ടുണ്ട് എന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നു പറഞ്ഞപോലെ വ്യാജന്‍ ഉണ്ടാക്കുന്നവര്‍ക്ക് കൂട്ട് ഈ ഏമാന്മാര്‍ എന്ന് സാരം. നല്ല ശമ്പളം വാങ്ങി ഇത്തരത്തില്‍ ഇരക്കരുതെന്ന് മന്ത്രി ശാസിക്കുകയും ചെയ്തു.

പാലക്കാട് ജില്ലയില്‍ ആയിരക്കണക്കിനു ലിറ്റര്‍ ഉല്പാദിപ്പിച്ച കള്ള് പിടികൂടിയിരുന്നു. തെങ്ങിന്‍ തോട്ടങ്ങളില്‍ സ്ഥിരമായി എത്തിയിരുന്നത് സ്പിരിറ്റ് ലോറിയാണ്. ഇവിടെ നിന്നാണ് പറ്റു പുസ്തകവും കണ്ടെടുത്തത്. സ്പിരിറ്റും കഞ്ചാവും ചേര്‍ത്ത് പലയിടങ്ങളിലും റെഡിമെയ്ഡ് കള്ള് വില്‍ക്കുന്നു. കുടിയന്മാരും ഉഷാര്‍. അവര്‍ക്ക് നല്ല കള്ളു വേണ്ട. കഞ്ചാവിനാണെങ്കില്‍ കേരളത്തില്‍ നല്ല വിപണി. അങ്ങനെ ഉണ്ടാക്കുന്ന കിടിലന്‍ കൊട്ടുവടി കള്ള് കേരളത്തെ മയക്കി കിടത്തുകയാണ്. കേരളത്തില്‍ കള്ള് ചെത്തിന്‍റെ ഒരു നല്ല കാലം ഉണ്ടായിരുന്നു. അന്ന് ശുദ്ധമായ കള്ള് ആണ് ഷാപ്പുകളില്‍ വിറ്റിരുന്നത്. ചെത്തുകാരെയാണ് ഗ്രാമങ്ങള്‍ കണികണ്ടിരുന്നത.് അവര്‍ക്ക് നല്ല വരുമാനവും ഉണ്ടായിരുന്നു. ചെത്തുകാര്‍ ഉള്ള വീടുകളില്‍ പട്ടിണിയും ഉണ്ടായിരുന്നില്ല. ചെത്തു തൊഴിലിനെ എല്ലാവരും മാനിച്ചു. കവലകളില്‍ കള്ളളക്കുന്നതിന്‍റെ തിരക്ക് നിത്യകാഴ്ചയായിരുന്നു. തൃശൂര്‍ ജില്ലയില്‍ ഏനാമാവ്-പെരിങ്ങോട്ടുകര മേഖലയില്‍ ധാരാളം ചെത്തുകാര്‍ ഉണ്ടായിരുന്നു. തെങ്ങ് പാട്ടത്തിനു കൊടുത്തു കൂലി വാങ്ങുന്ന കുടുംബങ്ങളും ധാരാളം.

ബുധനാഴ്ചയാണ് ചെത്തുകാരുടെ ശമ്പളദിനം. അന്ന് കള്ളളക്കുന്ന കേന്ദ്രങ്ങള്‍ നാട്ടുചന്തകളെ പോലെയാകും. പറ്റ് തീര്‍ക്കുന്നതിന്‍റെയും നാട്ടുവിഭവങ്ങള്‍ വാങ്ങുന്നതിന്‍റെയും ആഘോഷം. ചെത്തുകാര്‍ക്ക് എല്ലാവരും കടം നല്‍കും. ബുധനാഴ്ചയായാല്‍ പണം കിട്ടുകയും ചെയ്യും. അന്ന് കള്ളുകുടിച്ച് അധികമാളുകള്‍ക്കും കാന്‍സര്‍ വന്നിരുന്നില്ല. ശുദ്ധമായ കള്ളില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളും നല്ല ഓര്‍മ്മയാണ.് കള്ള് ചെത്ത് വ്യവസായം വളര്‍ന്നത് അന്നാണ.് അന്ന് മന്ത്രിയായിരുന്ന കെ.പി. പ്രഭാകരന്‍ ചായക്കടകളില്‍ വരെ കള്ള് വില്‍ക്കാന്‍ നിര്‍ദേശം വച്ചിരുന്നു. ചെത്തുകാരെ പ്രോത്സാഹിപ്പിക്കാനാണ് അദ്ദേഹം അത് പറഞ്ഞത്. അന്തിക്കാട്ടുകാരനായിരുന്നു പ്രഭാകരന്‍. അന്തിക്കള്ള് മോന്താന്‍ കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുവരെ ഏനാമാവ്- പെരിങ്ങോട്ടുകര മേഖലകളിലേക്ക് ആളുകള്‍ എത്തിയിരുന്ന കാലമുണ്ടായിരുന്നു. അക്കാലമെല്ലാം കഴിഞ്ഞു.

കള്ളുചെത്ത് പതിയെപ്പതിയെ ഫാഷനല്ലാതായി. ചെത്തുകാരുടെ മക്കള്‍ പഠിച്ചു നല്ല നിലയില്‍ ആയപ്പോള്‍ ചെത്തില്‍നിന്നു മാറിനിന്നു. അച്ഛന്‍ ചെത്തുന്നത് മക്കള്‍ക്ക് ഇഷ്ടമല്ലാതായി. അങ്ങനെ ചെത്തുകാരില്ലാതായി. എന്നാല്‍ കള്ള് വ്യവസായ വികസന ബോര്‍ഡും ക്ഷേമനിധിയും ഇപ്പോഴുമുണ്ട.് ചെത്തില്ലെങ്കിലും ഷാപ്പായ ഷാപ്പുകളില്‍ കള്ളുമുണ്ട്. കള്ള ഉണ്ടാക്കുകയാണ് എന്ന് മന്ത്രി തുറന്നുപറഞ്ഞത് ഈ സാഹചര്യത്തിലാണ്. കുടിയന്മാര്‍ കള്ളുകുടിച്ചു നശിക്കുന്നതും കേരളത്തിന്‍റെ ദയനീയ ദൃശ്യം. ഈ വ്യാജ കളളിനെതിരെ നിയമസഭയിലും ചര്‍ച്ചവന്നത് രസകരമായ സംഭവമായി. കള്ളിലാകെ മായമാണെന്ന് മുന്‍ എക്സൈസ് മന്ത്രി കൂടിയായ കെ. ബാബു എംഎല്‍എ ആരോപിച്ച് പുലിവാലു പിടിക്കുകയും ചെയ്തു. 
 
കാനായിലെ കല്യാണ വിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കിയതു പോലെയാണ് കേരളത്തില്‍ കള്ള് നിര്‍മ്മാണം എന്ന് ബാബു തട്ടിവിടുകയും ചെയ്തു. ബാബുവിന്‍റെ കമന്‍റില്‍ അപകടം മണത്തറിഞ്ഞ മന്ത്രി എം.വി. ഗോവിന്ദന്‍ കള്ളു വിഷയത്തില്‍ യേശുവിനെ കൊണ്ടുവന്നത് ശരിയല്ലെന്ന് ഉടനെ തിരിച്ചടിക്കുകയും ചെയ്തു. ഷാപ്പുകളില്‍ കള്ളില്‍ സ്പിരിറ്റും മറ്റും കലര്‍ത്തി വില്‍ക്കുകയാണ് എന്ന് ബാബു വാദിച്ചു. യേശു വെള്ളം വീഞ്ഞാക്കിയത് ഇതുപോലെ വെള്ളത്തില്‍ എന്തെങ്കിലും കലര്‍ത്തിയാണ് ഉണ്ടാക്കിയതെന്ന് ബാബു ഉദ്ദേശിച്ചിരിക്കില്ല. ക്ളോറല്‍ ഹൈഡ്രേറ്റും ഡയസേപാമും അല്‍പ്രാസോളവും കലര്‍ത്തിയാണ് വ്യാജ കള്ള് ഉണ്ടാക്കുന്നതെന്ന് ബാബുവിന് അറിയാം. മുന്‍ എക്സൈസ് മന്ത്രിക്ക് നല്ല അനുഭവവും ഉണ്ടാകാം. അക്കാലത്താണല്ലോ ബാര്‍കോഴവരെ തിളച്ചു മറിഞ്ഞത്. എന്തായാലും അബദ്ധം പിന്നീട് ബാബു തിരിച്ചറിഞ്ഞു. തന്‍റെ വീഞ്ഞുപ്രസ്താവനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കള്ളുഷാപ്പിന്‍റെ ആകൃതിയും പ്രകൃതിയും മാറ്റി ആര്‍ക്കും അഭിമാനത്തോടെ കയറിയിരുന്ന് കഴിക്കാന്‍ കഴിയുന്ന ആകര്‍ഷകമായ രീതിയിലാക്കുമെന്ന് മന്ത്രി ഗോവിന്ദന്‍ ഉറപ്പുനല്‍കിയെങ്കിലും കള്ള ് ഉല്‍പ്പാദിപ്പിക്കുന്ന സമ്പ്രദായം നോക്കുകൂലി നിര്‍ത്തിയതു പോലെ നിര്‍ത്തുമെന്ന് പ്രസ്താവിച്ചു കണ്ടില്ല.

കേരളത്തിലെ ജനങ്ങളെ കാന്‍സറില്‍ മുക്കിക്കൊല്ലുന്ന വ്യാജക്കള്ള് പോലെത്തന്നെയാണ് ചില പാക്കറ്റ്പാലുകളും. മാരക കെമിക്കലുകള്‍ ചേര്‍ത്ത വിഷപ്പാല്‍ കേരളത്തില്‍ സുലഭമാണ.് ഓണത്തിന് പാക്കറ്റ് പാല്‍ പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അവസരമൊരുക്കിയിരുന്നു. ഒരു റിപ്പോര്‍ട്ടും ഇതുവരെ പുറത്തു വന്നിട്ടില്ല. ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയ സുഗുണ, അമൃതം മില്‍ക്ക്, മലബാര്‍ മില്‍ക്ക് എന്നിവയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതൊക്കെ മറ്റൊരു പേരില്‍ പിന്നീട് വിപണിയിലിറങ്ങും എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത.് ഇതിലും മാരകമായ വിഷപ്പാലാണ് പല ഹോട്ടലുകളിലും ചായയ്ക്ക് ഉപയോഗിക്കുന്നത്. ഗ്രാമങ്ങളില്‍വരെ ആ വിഷപ്പാല്‍ എത്തുന്നുണ്ട്. സൊസൈറ്റി പാലും മില്‍മ പാലും ഒരു ഹോട്ടലുകാര്‍ക്കും വേണ്ട. നാട്ടുകാര്‍ക്ക് കാന്‍സര്‍ പിടിച്ചാല്‍ ഇവര്‍ക്ക് എന്ത് ചേതം? തൃശൂര്‍ എംജി റോഡിലെ ഒരു ഹോട്ടലില്‍ ‘ഇവിടെ മില്‍മ പാല്‍ കൊണ്ട് ചായ ഉണ്ടാക്കുന്നു’ എന്ന് എഴുതി വച്ചിരിക്കുന്നത് കൗതുകകരമാണ്. പറ്റു പുസ്തകത്തില്‍ പേരുള്ള ലഹരി വേട്ടക്കാരെപ്പോലെ മുഴുത്ത ശമ്പളം വാങ്ങുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഉറക്കം നടിച്ചാല്‍ തേനും പാലുമല്ല വിഷപ്പാലു തന്നെ ഒഴുകും എന്ന് തീര്‍ച്ച.
 
 

വെളിച്ചം ദുഃഖമാണുണ്ണി എന്നാണ് കവി പാടിയത്. അതിനൊരു പാരഡി ഇപ്പോഴുമുണ്ട്. വ്യാജ കള്ളും വിഷപ്പാലും പരമ ദുഃഖമാണുണ്ണി കാന്‍സര്‍ അല്ലോ സുഖപ്രദം!

LEAVE A REPLY

Please enter your comment!
Please enter your name here