
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോഡലുകളെ പിന്തുടർന്ന ഓഡി കാറും പിടിച്ചെടുത്തു. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആദ്യ ചോദ്യം ചെയ്യലിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇത് തീർപ്പായതോടെ നേരിട്ട് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് അഭിഭാഷകർക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയത്. സൈജുവിനെ ആറ് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഡലുകൾ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുൾ റഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
അപകട ദിവസം രാത്രി നടന്നത്…
ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ നിന്ന് മോഡലുകൾ ഉൾപ്പെടെ നാലംഗം മടങ്ങിയപ്പോൾ സൈജുവും കാറിൽ പിന്തുടരുകയായിരുന്നു. കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകൾ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകൾ സഞ്ചരിച്ച കാറിലെ ഡ്രൈവർ അബ്ദു റഹ്‌മാൻ കാർ നിർത്തി. ഇവിടെ വെച്ച് സൈജുവുമായി തർക്കമുണ്ടായി.ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയിൽ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പല തവണ ഓവർടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. സൈജുവിനെ നാളെ കോടതിയിൽ ഹാജരാക്കും
അതേ സമയം ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള തിരച്ചിൽ അന്വേഷണ സംഘം അവസാനിപ്പിച്ചു.ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ കേസിൻറെ ഭാഗമാക്കി അന്വേഷണം ഊർജ്ജിമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണങ്കാട്ട് പാലത്തിൻ താഴെ കായലിൽ അഞ്ചു ദിവസമായി അന്വേഷണ സംഘം ഹാർഡ് ഡിസ്‌കിനായി തിരച്ചിൽ നടത്തിയത്. മരണപ്പെട്ട മോഡലുകൾ ഹോട്ടലിൽ ഉള്ളപ്പോഴുളള ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കായലിലേക്കെറിഞ്ഞുവെന്നായിരുന്നു മൊഴി. കോസ്റ്റൽ പൊലീസും അഗ്‌നിശമനസേനയിലെ മുങ്ങൽ വിദഗ്ദധരും കോസ്റ്റ് ഗാർഡും മൽസ്യതൊഴിലാളികളുമൊക്കെ തിരഞ്ഞിട്ടും കിട്ടാതായതോടെയാണ് തിരച്ചിലവസാനിപ്പിച്ചത്.