കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്. 10 വര്‍ഷം തടവും ഒരുലക്ഷം രൂപയുമായി ശിക്ഷ കുറച്ചു. 20 വര്‍ഷം തടവാണ് 10 വര്‍ഷമായി കുറച്ചത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പോക്സോ കേസും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. വിവാഹത്തിനായി ജാമ്യം തേടി റോബിന്‍ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കാന്‍ രണ്ടുമാസത്തെ ജാമ്യം റോബിന്‍ വടക്കുംചേരിക്ക് നല്‍കണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിന്‍ വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ ജാമ്യം നല്‍കില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ജയിലില്‍ വെച്ച് വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും തള്ളിയിരുന്നു. കണ്ണൂര്‍ ജില്ലിയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരി 2016 ല്‍ പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നതായിരുന്നു കേസ്.

വിചാരണക്കിടെ പെണ്കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂര്‍ത്തി ആയതാണെന്നുമായിരുന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. റോബിന്‍ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു എടുത്തത്. കേസിലെ ഡിഎന്‍എ പരിശോധന ഫലത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ തന്നെ പ്രമുഖ ഡിഎന്‍എ വിദഗ്ധനായ അഭിഭാഷകന്‍ ജി വി റാവുവിനെ ആണ് വൈദികന്‍ രംഗത്തിറക്കിയത്. എന്നാല്‍ പോലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്റെ പിതൃത്വം തെളിയിച്ച ഡിഎന്‍എ ഫലവും പോക്സോ കേസില്‍ നിര്‍ണായകമാകുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here