ബംഗളുരു: ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്ക സ്വദേശി ഇന്ത്യ വിട്ട സംഭവത്തില്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്‌ ഗുരുതര വീഴ്‌ചയുണ്ടായെന്നു റിപ്പോര്‍ട്ട്‌. ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയാണ്‌ ഇതിനു കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്‌. നിരീക്ഷണത്തിലിരിക്കേ പുറത്തുപോയി നിരവധി പേരുമായി ഇയാള്‍ ബന്ധപ്പെട്ടുവെന്നും മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചാണ്‌ ഇയാള്‍ ദുബായിലേക്കു കടന്നത്‌. സ്വകാര്യ ലാബ്‌ 4500 രൂപ ഈടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കുകയായിരുന്നു. കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ലാബിനെതിരേ പോലീസ്‌ കേസെടുത്തു. കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‌ ഇയാള്‍ താമസിച്ച ഷാംഗ്രിലാ ഹോട്ടലിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. അതേസമയം, ബംഗളുരുവിലെത്തിയ പത്ത്‌ ദക്ഷിണാഫ്രിക്ക സ്വദേശികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്‌. ഇവര്‍ നഗരം വിട്ടുപോയെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം ബംഗളുരുവിന്‌ പുറത്തേക്കും നീളുകയാണ്‌. ഇവരുടെ ഫോണ്‍ ഓഫ്‌ ചെയ്‌തിരിക്കുകയാണ്‌. ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്‌ഥാനത്ത്‌ നിയന്ത്രണം കര്‍ശനമാക്കി. ബംഗ്ലൂരുവില്‍ പ്രവേശിക്കാന്‍ കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി. പൊതു ഇടങ്ങളില്‍ രണ്ട്‌ ഡോസ്‌ എടുത്തവര്‍ക്ക്‌ മാത്രമാണ്‌ പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here