തിരുവനന്തപുരം :  കാർഷികോൽപന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയാൽ മാത്രമേ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പിടിച്ചു നിൽക്കാനാവൂ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലൻ പറഞ്ഞു. ഇതിന് സഹായകമാവുന്നതാവണം നിക്ഷേപ സംഗമങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  

ഷെൽഫ് ലൈഫ് കുറഞ്ഞ കാർഷിക ഉൽപ്പന്നങ്ങളാണ് കേരളത്തിൽ കൂടുതലും ഉണ്ടാക്കുന്നത്. അവയെ മൂല്യവർധിത ഉൽപന്നങ്ങൾ ആക്കി മാറ്റിയാൽ എളുപ്പത്തിൽ സംഭരിക്കാനും വിപണനം ചെയ്യാനും കഴിയും. കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ആധുനിക സാങ്കേതിക വിദ്യ, ഉപകരണങ്ങൾ, സർക്കാറിന്റെ സഹായങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാൽ നല്ല സംരംഭങ്ങൾ തുടങ്ങാം. അഞ്ചു ലക്ഷം പേർക്കെങ്കിലും ഇങ്ങനെ തൊഴിലുണ്ടാക്കാൻ കഴിയും. പുതിയ നിക്ഷേപങ്ങൾ ഉണ്ടാവണം, കേരളത്തിനു മാത്രമായി ബ്രാൻഡുകൾ ഉണ്ടാവണം, പുതിയ ആശയങ്ങൾ രൂപപ്പെടണം. അതിന് യുവതലമുറയുടെ പിന്തുണ വേണം. അവരുടെ ആശയങ്ങൾക്കും ആഗ്രഹ സഫലീകരണത്തിനും പിന്തുണ നൽകണം മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൊവിഡ് മഹാമാരി മൂലം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ എല്ലാ മേഖലയിലും മാതൃകയാവാൻ കേരളത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്‌കിന്റെ ആദ്യ ധനസഹായം പട്ടുവം പൂമ്പാറ്റ സ്വാശ്രയ സംഘത്തിന് മന്ത്രി കൈമാറി. റിവോൾവിംഗ് ഫണ്ടായി അഞ്ച് ലക്ഷം രൂപയാണ് നൽകിയത്.


ജില്ലയെ സംരംഭക സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡസ്‌ക് തുടങ്ങിയത്. സംരംഭകത്വം പ്രോത്സാഹനത്തിന് ഈ വർഷം ഒരു കോടി രൂപയാണ് മാറ്റി വെച്ചത്. വ്യവസായം തുടങ്ങുന്നതിന് വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തൽ, ജില്ലയിൽ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ ലഭ്യമാക്കാൻ സഹായിക്കുക, പുതിയ പദ്ധതികൾ തെരഞ്ഞെടുക്കാൻ സഹായിക്കുക, അതിന്റെ വിജയസാധ്യത ബോധ്യപ്പെടുത്തുക. വ്യവസായത്തിനാവശ്യമായ ഭൂമി, അസംസ്‌കൃത വസ്തുക്കൾ, മെഷിനറി, മൂല്യ വർധിത ഉൽപന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിവിധ വകുപ്പുകളുടെ പരിശീലന പരിപാടികളെ പറ്റി വിവരങ്ങൾ നൽകുക, വ്യവസായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സങ്കേതിക വിദഗ്ധരെ പരിചയപ്പെടുത്തുക, ഉപരിപഠന മേഖലയിൽ വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്തുന്നതിന് സഹായം നൽകുക തുടങ്ങിയവയാണ് ഹെൽപ് ഡസ്‌കിന്റെ പ്രവർത്തനങ്ങൾ.


ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അംഗങ്ങളായ യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, അംഗം തോമസ് വക്കത്താനം, എൻ പി ശ്രീധരൻ, സെക്രട്ടറി വി ചന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ, മാനേജർ പി വി രവീന്ദ്രൻ, സംരംഭകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.  

LEAVE A REPLY

Please enter your comment!
Please enter your name here