മുഹമ്മയിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം

ആലപ്പുഴ: സംസ്ഥാനത്ത് അടുത്തവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മുഹമ്മ ഗ്രാമപഞ്ചായത്തിലെ കേര ഗ്രാമം പദ്ധതിയുടെയും അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാളികേര സമൃദ്ധി ലക്ഷ്യമിടുന്ന കേരഗ്രാമം പദ്ധതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുതിന് നാളികേരത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.  

മുഹമ്മ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെ 250 ഹെക്ടർ പ്രദേശത്ത്  43,750 തെങ്ങുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെയും തെങ്ങുകയറ്റ യന്ത്രങ്ങളുടെയും വിതരണം, ജൈവവള നിർമാണ യൂണിറ്റ്, രാസവളത്തിൻറെയും കീടനാശിനിയുടെയും ലഭ്യത ഉറപ്പാക്കൽ, കേടുവന്നവ മുറിച്ചുമാറ്റി ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ നടൽ, ഇടവിള കൃഷിക്ക് പ്രോത്സാഹനം നൽകൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. പമ്പ് സെറ്റുകൾ, ജൈവവളം, തെങ്ങുകയറ്റ യന്ത്രം, ഇടവിള കിറ്റ് തുടങ്ങിയവയുടെ വിതരണവും മന്ത്രി നിർവഹിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ മുതിർന്ന കേരകർഷകൻ മഹാദേവൻ പിള്ളയെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ഡി മഹേന്ദ്രൻ ആദരിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് ഡാനിയൽ, ചേർത്തല അസിസ്റ്റൻറ് കൃഷി ഡയറക്ടർ ജി.വി. റെജി, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.റ്റി. റെജി, സെക്രട്ടറി പി.വി. വിനോദ്, കൃഷി ഓഫീസർ പി.എം. കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here