തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ. പുതിയ നാല് കേസുകൾ കൂടി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്ത് യുകെയിൽ നിന്ന് വന്ന ഒരാൾക്കും കോംഗോയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കും ആദ്യ കേസിലെ സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപട്ടിക പരിശോധിച്ച് വരുകയാണ്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യമാതാവിനുമാണ് ഇപ്പോൾ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് വന്ന 22 വയസ്സുള്ള യുവതിയും കോംഗോയിൽ നിന്ന് വന്ന 34 വയസുള്ള യുവാവുമാണ് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കർശനമാക്കി. കൊച്ചിയിൽ മന്ത്രി പി രാജീവിൻറെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കർശനമാക്കാനും ഒമിക്രോൺ ജാഗതയിൽ മുൻ കരുതലുകൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു

യാത്രാക്കപ്പലുകൾ കാര്യമായി വരുന്നില്ലെങ്കിലും ചരക്ക് കപ്പലിൽ വരുന്നവർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആർടിപിസിആർ, റാപ്പിഡ് ടെസ്റ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് നടത്തി പരിശോധന ഫലം വന്ന ശേഷമേ യാത്രക്കാരെ പുറത്ത് വിടൂ. പൊസിറ്റീവാണെങ്കിൽ നേരെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവാണെങ്കിലും റിസ്‌ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വരുന്നവർ വീടുകളിൽ നിരീക്ഷണത്തിലിരിക്കണം. ആശങ്ക പട്ടികയില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേരെയും ഒമിക്രോൺ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം നാൽപതായി ഉയർന്നു. മഹാരാഷ്ട്രയിൽ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മൊത്തം രോഗികളുടെ എണ്ണം നാൽപ്പതായത്. യുകെയിൽ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്ത  പശ്ചാത്തലത്തിൽ രാജ്യത്തും ജാഗ്രത കടുപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. രോഗബാധിതരിൽ നിലവിൽ  ആർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലന്നാണ് റിപ്പോർട്ട്. അതേസമയം അധിക ഡോസ് നൽകുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. വിദഗ്ധ സമിതി ചർച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here