സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.ഭാഗ്യലക്ഷ്മിയ്ക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

സംഭവത്തില്‍ മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവര്‍ക്കെതിരെ അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍, എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ പൊലീസ് ചുമത്തിയിട്ടുള്ളത്.

യുട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ക്കെതിരെ 2020 ഓഗസ്റ്റ് 26നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കരിമഷി പ്രതിഷേധം നടത്തിയത്. യൂട്യൂബറുടെ ലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം.

കേരളത്തിലെ ഫെമിനിസ്റ്റുകളെയും സ്ത്രീകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വിജയ് പി നായരുടെ വീഡിയോയിലെ പരാമര്‍ശങ്ങള്‍. ഇനി ഒരു സ്ത്രീകള്‍ക്കെതിരെയും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരുമെത്തി പ്രതിഷേധിച്ചത്.

പ്രതിഷേധത്തിനിടെ വിജയ് പി നായരെ മര്‍ദിച്ചുവെന്നും പരാതിയുണ്ട്. യുട്യൂബറുടെ ലാപ്‌ടോപും ഫോണും സംഘം ബലമായി പിടിച്ചുവാങ്ങി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചു, സാധനങ്ങള്‍ മോഷ്ടിച്ചു എന്നിവ ചൂണ്ടിക്കാട്ടി വിജയ് പി നായര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here